സ്വര്‍ണ വില സര്‍വകാല റെക്കോര്‍ഡില്‍; പവന് 66,000 രൂപ കടന്നു

Update: 2025-03-18 08:20 GMT

കൊച്ചി: സംസ്ഥാനത്ത് രണ്ടുദിവസത്തെ കിതപ്പിനു ശേഷം കുതിച്ചുയര്‍ന്ന സ്വര്‍ണവില വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 8,250 രൂപയിലും പവന് 66,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണവില ഗ്രാമിന് 30 രൂപ ഉയര്‍ന്ന് 6,790 രൂപയിലെത്തി.

ഈമാസം 14നു കുറിച്ച ഗ്രാമിന് 8,230 രൂപ, പവന് 65,680 രൂപ എന്ന സര്‍വകാല റിക്കാര്‍ഡാണ് ഇന്ന് ഭേദിക്കപ്പെട്ടത്. വെള്ളിയാഴ്ച 65,000 രൂപ പിന്നിട്ട ശേഷം ശനിയാഴ്ചയും തിങ്കളാഴ്ചയും പവന് 80 രൂപ വീതം കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് വീണ്ടും കുതിച്ചുയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ നിലവില്‍ 71,500 രൂപയോളം നല്‍കേണ്ടിവരും.

ജനുവരി 22നാണ് പവന്‍ വില ആദ്യമായി 60,000 കടന്നത്. 31ന് പവന് ഒറ്റയടിക്ക് 960 രൂപ ഉയര്‍ന്ന് 61,000 രൂപയെന്ന പുതിയ ഉയരം താണ്ടി. ഫെബ്രുവരി ഒന്നിന് ഒരു പവന്‍ സ്വര്‍ണത്തിന് 61,960 രൂപയായിരുന്നു വില. നാലിന് ഒറ്റയടിക്ക് 840 രൂപ ഉയര്‍ന്ന് 62,000 രൂപ പിന്നിട്ടു. തൊട്ടുപിന്നാലെ അഞ്ചിന് 760 രൂപ ഉയര്‍ന്ന് 63,000 രൂപയും കടന്നു. പിന്നീട് 11ന് 640 രൂപ ഉയര്‍ന്ന് 64,000 രൂപയെന്ന പുതിയ നാഴികക്കല്ലും പിന്നിട്ടു.

ഈമാസം ഒന്നിന് പവന് 63,440 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പിന്നീട് കയറ്റിറക്കങ്ങള്‍ക്കൊടുവില്‍ 14ന് 65,000 രൂപയും 18ന് 66,000 രൂപയും പിന്നിടുകയായിരുന്നു.





Similar News