ഏറ്റുമാനൂരില്‍ ശീതീകരിച്ച സംഭരണശാല പരിഗണനയില്‍: തോമസ് ചാഴികാടന്‍ എം പി

ഏറ്റുമാനൂര്‍ എംഎസ്എംഇ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൈവശമുള്ള 10 ഏക്കര്‍ കാംപസില്‍ സിഡബ്ല്യുസി അധികൃതര്‍ സ്ഥലപരിശോധന നടത്തി തൃപ്തി അറിയിച്ചു

Update: 2021-11-22 13:44 GMT

കോട്ടയം: ഏറ്റുമാനൂരില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപഭോക്തൃകാര്യ ഭക്ഷ്യ പൊതുവിതരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സെന്‍ട്രല്‍ വെയര്‍ഹൗസിങ് കോര്‍പറേഷന്റെ സംഭരണശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍. തോമസ് ചാഴികാടന്‍ എംപിയുടെ നിര്‍ദേശ പ്രകാരം അതിരമ്പുഴ വില്ലേജില്‍ കേന്ദ്ര എംഎസ്എംഇ മന്ത്രാലയത്തിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റുമാനൂര്‍ എംഎസ്എംഇ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൈവശമുള്ള 10 ഏക്കര്‍ കാംപസില്‍ സിഡബ്ല്യുസി അധികൃതര്‍ സ്ഥലപരിശോധന നടത്തി തൃപ്തി അറിയിച്ചു. എല്ലാ ഭൗതിക സാഹചര്യങ്ങളോടും കൂടിയ 3 മുതല്‍ 6 ഏക്കര്‍ വരെ സ്ഥലമാണ് ഇവിടെ ലക്ഷ്യം വയ്ക്കുന്നത്. 1956 ല്‍ ജിഐപിസി പ്രവര്‍ത്തനം തുടങ്ങിയതിന് ശേഷം കഴിഞ്ഞ 30 വര്‍ഷമായി ഈ സ്ഥലം പ്രവര്‍ത്തനരഹിതമായി കിടക്കുകയാണ്. 2019 ല്‍ ആരംഭിച്ച എംഎസ്എംഇ ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ട് പ്രവര്‍ത്തിക്കുന്നത് മൂന്ന് ഏക്കര്‍ സ്ഥലത്താണ്. ഇപ്പോള്‍ ഉപയോഗ ശൂന്യമായി കാടുപിടിച്ചു കിടക്കുന്ന ബാക്കി 7 ഏക്കര്‍ വരുന്ന സ്ഥലം സര്‍ക്കാര്‍ സ്ഥാപനമായ സിഡബ്ല്യുസിയുടെ പരിശോധനയില്‍ സംഭരണ ശാല സ്ഥാപിക്കുവാന്‍ അനുയോജ്യമെന്ന് കണ്ടെത്തി. സ്ഥലത്തിന്റെ സ്‌കെച്ചും അനുബന്ധ രേഖകളും കൈമാറുവാനുള്ള നടപടികള്‍ പുരോഗമിക്കുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ഏറ്റുമാനൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ അടുത്തായതിനാല്‍ ഇവിടെ ഗോഡൗണ്‍ നിര്‍മിക്കുന്നത് വാഗണുകള്‍ എത്തുന്നതിനും ചരക്ക് നീക്കം എളുപ്പമാക്കുന്നതിനും ഉപകരിക്കും.

Tags:    

Similar News