ഇന്ധന വിലവര്‍ധന: ദുരന്ത കാലത്തും ജനങ്ങളെ ബിജെപി സര്‍ക്കാര്‍ കൊള്ളയടിക്കുന്നു- എസ്.ഡി.പി.ഐ
ഇന്ധന വില വര്‍ധന എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കും. മൂന്നു മാസത്തിലധികമായി കൊവിഡ് ഭീതിയില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ജനം നിരത്തിലിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഇടിത്തീ പോലെ ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനതയെ കൊള്ളയടിക്കുകയാണ്.
തിരുവനന്തപുരം: തുടര്‍ച്ചയായി നാലാം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ച് കോവിഡ് ദുരന്ത ഭീഷണിയിലും ജനങ്ങളെ ബിജെപി സര്‍ക്കാര്‍ കൊള്ളയടിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയി അറയ്ക്കല്‍.
ഇപ്പോള്‍ രാജ്യാന്തര വിപണിയില്‍ വില ഉയര്‍ന്നെന്ന പേരിലാണ് ഇന്ധനവില ദിനംപ്രതി വര്‍ധിപ്പിക്കുന്നത്. അതേസമയം രാജ്യാന്തര വിപണിയില്‍ വില കുറഞ്ഞപ്പോഴാവട്ടെ റോഡ് സെസും എക്സൈസ് തീരുവയും വര്‍ധിപ്പിച്ച് വിലക്കുറവിന്റെ ആനുകുല്യം ജനങ്ങള്‍ക്കു നല്‍കാതെ കൈവശപ്പെടുത്താനായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ശ്രമം.
ഇന്ധന വില വര്‍ധന എല്ലാ മേഖലകളെയും ഗുരുതരമായി ബാധിക്കും. മൂന്നു മാസത്തിലധികമായി കൊവിഡ് ഭീതിയില്‍ അടച്ചുപൂട്ടി കഴിഞ്ഞിരുന്ന ജനം നിരത്തിലിറങ്ങാന്‍ തുടങ്ങുമ്പോഴേക്കും ഇടിത്തീ പോലെ ദിനംപ്രതി ഇന്ധന വില വര്‍ധിപ്പിച്ച് ജനതയെ കൊള്ളയടിക്കുകയാണ്. പാചക വാതക വിലയും കഴിഞ്ഞ ആഴ്ച വര്‍ധിപ്പിച്ചിരുന്നു. വര്‍ധിപ്പിച്ച സെസും എക്സൈസ് തീരുവയും കുറച്ച് തീരാദുരിതത്തിലായ രാജ്യത്തെ ജനങ്ങള്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസം നല്‍കാന്‍ മോദി സര്‍ക്കാര്‍ തയ്യാറാവണം. അല്ലാത്തപക്ഷം പൊറുതിമുട്ടിയ ജനത തെരുവിലിറങ്ങിയാല്‍ അവരെ നിയന്ത്രിക്കാന്‍ ഭരണകൂടസംവിധാനങ്ങള്‍ക്ക് കഴിയില്ലെന്നു തിരിച്ചറിയണമെന്നും റോയി അറയ്ക്കല്‍ വ്യക്തമാക്കി.