കേന്ദ്രസര്‍ക്കാര്‍ നോക്കുകുത്തി; ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില വര്‍ധന തുടരുന്നു
ന്യൂഡല്‍ഹി: ജനജീവിതം ദുസ്സഹമാക്കി ഇന്ധന വില വര്‍ധന തുടരുന്നു. എണ്ണ കമ്പനികള്‍ തുടര്‍ച്ചയായി ഇന്ധന വില വര്‍ദ്ധിപ്പിച്ചിട്ടും വില നിയന്ത്രിക്കാന്‍ നടപടിയെടുക്കാതെ കേന്ദ്ര സര്‍ക്കാര്‍ നോക്കുകുത്തിയാവുകയാണ്. നേരത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ മാസങ്ങളോളം എണ്ണ വില വര്‍ദ്ധന നിയന്ത്രിച്ച കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ യാതൊരു ഇടപെടലും നടത്താത്തത് വിമര്‍ശന വിധേയമായിട്ടുണ്ട്. എണ്ണ വില തുടര്‍ച്ചയായി കുതിച്ചുയരുമ്പോള്‍ പ്രതിപക്ഷ പാര്‍ട്ടികളും നിശബ്ദരാണ്.
രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും 48 പൈസ വീതമാണ് വര്‍ധിപ്പിച്ചത്. കോഴിക്കോട് പെട്രോള്‍ വില 110 രൂപ 70 പൈസയും ഡീസലിന്104 രൂപ 13 പൈസയുമായി.
ഇന്നലേയും ഇന്ധന വില വര്‍ധിപ്പിച്ചിരുന്നു. രാജ്യത്ത് 121 രൂപയും കടന്ന് പെട്രോള്‍ വില കുതിക്കുകയാണ്. രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ചിലയിടങ്ങളിലുമാണ് പെട്രോള്‍ വില 121 രൂപ കടന്നത്. ഒരു മാസത്തിനിടെ പെട്രോളിന് 7 രൂപ 92 പൈസയും ഡീസലിന് 8 രൂപ 95 പൈസയുമാണ് കൂടിയത്. ആഗോള എണ്ണവിലയും കുതിക്കുകയാണ്. അന്താരാഷ്ട്ര എണ്ണവില ബാരലിന് 100 ഡോളര്‍ കടക്കുമെന്നാണ് സൂചന. ഏഴ് വര്‍ഷത്തെ ഉയര്‍ന്ന നിലയിലാണ് ആഗോള എണ്ണവില.
എണ്ണക്കമ്പനികള്‍ ദിനംപ്രതി ഇന്ധനവില വര്‍ധിപ്പിക്കുന്നത് സാധാരണക്കാരെ കടുത്ത പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. തീപ്പട്ടി മുതല്‍ പെയിന്റിന് വരെ വിലവര്‍ധിക്കുന്ന നിലയായി. ഭക്ഷ്യസാധനങ്ങളുടെ വിലയും അനിയന്ത്രിതമായി കുതിക്കുന്നുണ്ട്. വില കുറക്കാനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന ആവശ്യമുണ്ടെങ്കിലും യാതൊരു നടപടിയുമില്ല. വില 150 വരെയെത്തുമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.