നിയന്ത്രണങ്ങള്‍ കടുപ്പിച്ച് പഞ്ചാബ്; രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്കും മാത്രം പ്രവേശനം

തിങ്കളാഴ്ച മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്തിയ കാര്യം പ്രഖ്യാപിച്ചത്.

Update: 2021-08-14 10:00 GMT

ഛണ്ഡിഗഢ്: കൊവിഡ് വ്യാപനം ഒരിടവേളയ്ക്കുശേഷം വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ച് പഞ്ചാബ് സര്‍ക്കാര്‍. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്കും കൊവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലമുള്ളവര്‍ക്കും മാത്രമായിരിക്കും പഞ്ചാബിലേക്ക് പ്രവേശനമുണ്ടാവുകയുള്ളൂ എന്നതാണ് പുതിയ തീരുമാനം. തിങ്കളാഴ്ച മുതല്‍ പുതിയ നിയന്ത്രണം പ്രാബല്യത്തില്‍ വരും. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങാണ് നിയന്ത്രണങ്ങളില്‍ മാറ്റംവരുത്തിയ കാര്യം പ്രഖ്യാപിച്ചത്.

ഹിമാചല്‍ പ്രദേശില്‍നിന്നും ജമ്മുവില്‍നിന്നും വരുന്നവരെ കര്‍ശനമായി നിരീക്ഷിക്കും. പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ച അധ്യാപക, അനധ്യാപക ജീവനക്കാര്‍, അല്ലെങ്കില്‍ അടുത്തിടെ കൊവിഡ് ഭേദമായവര്‍ക്ക് മാത്രമായിരിക്കും പഞ്ചാബിലെ സ്‌കൂളുകളിലും കോളജുകളിലും പ്രവേശനമുണ്ടാവുക. കോളജിലും സ്‌കൂളിലും വരാതെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാമെന്ന് അധികൃതര്‍ ഓപ്ഷന്‍ നല്‍കിയിട്ടുണ്ട്. അധ്യാപകര്‍ക്കും അനധ്യാപക ജീവനക്കാര്‍ക്കും പ്രത്യേക ക്യാംപുകള്‍ നടത്തി കുത്തിവയ്പ്പിന് മുന്‍ഗണന നല്‍കണമെന്നും സിങ് വ്യക്തമാക്കി.

രണ്ട് ഡോസുകള്‍ക്കിടയിലുള്ള വിടവ് കുറയ്ക്കുകയും അധ്യാപകര്‍ക്കും മറ്റ് സ്‌കൂള്‍ ജീവനക്കാര്‍ക്കും രണ്ടാമത്തെ ഡോസിന് മുന്‍ഗണന നല്‍കുകയും ചെയ്യുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി വ്യക്തമാക്കി. വെള്ളിയാഴ്ച പഞ്ചാബില്‍ 88 കൊവിഡ് കേസുകളാണ് റിപോര്‍ട്ട് ചെയ്തത്. മരണങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ല. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം ഏകദേശം ആറുലക്ഷമാണ്. പഞ്ചാബ് വീണ്ടും തുറന്നതിനുശേഷം സ്‌കൂളുകളില്‍ കൊവിഡ് പരിശോധന വര്‍ധിപ്പിച്ചിരുന്നു.

സ്‌കൂളുകളില്‍നിന്ന് പ്രതിദിനം കുറഞ്ഞത് 10,000 സാംപിളുകളുടെ ആര്‍ടിപിസിആര്‍ പരിശോധനകള്‍ നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. പഞ്ചാബിന് പുറമെ, ഹരിയാനയിലെയും ഹിമാചല്‍ പ്രദേശിലെയും സ്‌കൂളുകളില്‍ കഴിഞ്ഞ ആഴ്ചയില്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ പുനരാരംഭിച്ചതിനുശേഷം നിരവധി വിദ്യാര്‍ഥികളില്‍ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. ഹിമാചല്‍പ്രദേശിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും വര്‍ധിച്ചുവരുന്ന കേസുകള്‍ കാരണം പഞ്ചാബിലെ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.2 ശതമാനത്തിലേക്ക് നേരിയ വര്‍ധനവ് രേഖപ്പെടുത്തിയതായാണ് സംസ്ഥാന സര്‍ക്കാര്‍ വിലയിരുത്തുന്നത്.

Tags:    

Similar News