അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബംഗാള്‍
കൊല്‍ക്കത്ത: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ള വിമാനയാത്രികര്‍ക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. കൊവിഡ് രോഗബാധ ഏറ്റവുമധികം റിപോര്‍ട്ട് ചെയ്യുന്ന ഡല്‍ഹി, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നിവിടങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. വിമാനയാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനകമുള്ള ആര്‍ടിപിസിആര്‍ പരിശോധനാ റിപോര്‍ട്ടാണ് വേണ്ടതെന്ന് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരും. അഞ്ച് സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ വിവരം കേന്ദ്ര വ്യോമയാന മന്ത്രാലയത്തെ അറിയിച്ചതായും സര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് വ്യാപനം അതിരൂക്ഷമായ മഹാരാഷ്ട്ര, കേരളം, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്ക് നേരത്തെ തന്നെ ബംഗാള്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നു. ഇതിനൊപ്പമാണ് കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഡല്‍ഹി അടക്കമുള്ള സംസ്ഥാനങ്ങള്‍ക്കും നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്.
വെള്ളിയാഴ്ച 12,876 പേര്‍ക്കാണ് ബംഗാളില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 59 പേരുടെ ജീവന്‍ കൊവിഡ് കവര്‍ന്നു. 74000ത്തിലേറെ കൊവിഡ് രോഗികള്‍ നിലവില്‍ സംസ്ഥാനത്ത് ചികില്‍സയിലുണ്ട്. കൊവിഡ് കേസുകളുടെ വര്‍ധനവ് നിരീക്ഷിക്കുന്നതിനും ഏകോപനം ഉറപ്പാക്കുന്നതിനുമായി പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ ചീഫ് സെക്രട്ടറി അലപന്‍ ബന്ദിയോപാധ്യായയുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.