ഡല്‍ഹിയില്‍ ജി 23 നേതാക്കള്‍ യോഗം ചേര്‍ന്നു; തരൂരും പി ജെ കുര്യനും യോഗത്തില്‍

പാര്‍ട്ടിയില്‍ സംമ്പൂര്‍ണ മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കള്‍ യോഗം വിളിച്ചത്.

Update: 2022-03-17 05:44 GMT

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസിലെ തിരുത്തല്‍വാദി വിഭാഗമായ ജി 23 നേതാക്കള്‍ ഡല്‍ഹിയില്‍ യോഗം ചേര്‍ന്നു. ഗുലാം നബി ആസാദിന്റെ വസതിയിലാണ് നിര്‍ണായക യോഗം. പാര്‍ട്ടിയില്‍ സംമ്പൂര്‍ണ മാറ്റം വേണമെന്നും ഗാന്ധി കുടുംബത്തിന് പുറത്തുനിന്നുള്ള ഒരാള്‍ തലപ്പത്തേക്ക് വരണമെന്നുമുള്ള ആവശ്യം ശക്തമായി ഉന്നയിക്കുന്നതിനിടയിലാണ് ജി 23 നേതാക്കള്‍ യോഗം വിളിച്ചത്.

കേരളത്തില്‍ നിന്ന് ശശി തരൂരിന് പുറമേ പി ജെ കുര്യനും യോഗത്തില്‍ പങ്കെടുത്തു. കപില്‍ സിബല്‍, ആനന്ദ് ശര്‍മ്മ, മനീഷ് തിവാരി, ഭൂപീന്ദര്‍ ഹൂഡ, രജീന്ദര്‍ കൗര്‍ ഭട്ടാല്‍, അഖിലേഷ് പ്രസാദ് സിങ്, പൃഥ്യരാജ് ചൗഹാന്‍, മണി ശങ്കര്‍ അയ്യര്‍, കുല്‍ദീപ് ശര്‍മ്മ, രാജ് ബാബര്‍, അമരീന്ദര്‍ സിങിന്റെ ഭാര്യ പ്രണീത് കൗര്‍ തുടങ്ങിയ നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

തിരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ഞായറാഴ്ച കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേര്‍ന്നതിന് പിന്നാലെയാണ് ജി 23 നേതാക്കളുടെ യോഗമെന്നതും ശ്രദ്ധേയമാണ്. പ്രവര്‍ത്തക സമിതിയിലെ നിര്‍ണായക തീരുമാനങ്ങള്‍ സംബന്ധിച്ച കാര്യങ്ങളും പാര്‍ട്ടിയില്‍ ആവശ്യമായ മാറ്റങ്ങളുമെല്ലാം ജി 23 യോഗത്തിലും തിരുത്തല്‍വാദി നേതാക്കള്‍ വിശദമായി ചര്‍ച്ചചെയ്യുമെന്നാണ് വിവരം. തോല്‍വി നേരിട്ട അഞ്ച് സംസ്ഥാനങ്ങളിലെ പാര്‍ട്ടി അധ്യക്ഷന്‍മാരുടെ രാജി സോണിയ ആവശ്യപ്പെട്ടത് ഉള്‍പ്പെടെയുള്ള പരിഷ്‌കാര നടപടികളും യോഗത്തില്‍ ചര്‍ച്ചചെയ്‌തേക്കും.

കപില്‍ സിബലിന്റെ വസതിയാണ് യോഗത്തിനായി ആദ്യം തീരുമാനിച്ചതെങ്കിലും അവസാന നിമിഷം ഗുലാം നബി ആസാദിന്റെ വസതിയിലേക്ക് വേദി മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിക്കെതിരേ കപില്‍ സിബല്‍ ഉയര്‍ത്തിയ കടുത്ത വിമര്‍ശനങ്ങളില്‍ ചില നേതാക്കള്‍ക്കുള്ള എതിര്‍പ്പാണ് വേദി മാറ്റത്തിന് കാരണമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പാര്‍ട്ടിയുടെ അധ്യക്ഷനല്ലായിരുന്നിട്ടും രാഹുല്‍ ഗാന്ധി എല്ലാ തീരുമാനങ്ങളും എടുക്കുന്നുവെന്നും പഞ്ചാബില്‍ രാഹുല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത് ഏത് പദവിയുടെ ബലത്തിലാണെന്നും കപില്‍ സിബല്‍ ചൊവ്വാഴ്ച ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചോദിച്ചിരുന്നു. കോണ്‍ഗ്രസ് നേതൃത്വം സാങ്കല്പിക ലോകത്താണെന്നും പാര്‍ട്ടിയെ ഒരു വീട്ടില്‍ ഒതുക്കാനാണ് ചിലരുടെ ശ്രമമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

Tags:    

Similar News