ഗൗരി ലങ്കേഷ് വധം;മെയ് 27 ന് വിചാരണ തുടങ്ങും
തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയതിന് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്
ബംഗളൂരു:മാധ്യമ പ്രവര്‍ത്തകയും,എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കര്‍ണാടകയിലെ പ്രത്യേക കോടതി മെയ് 27ന് വിചാരണ ആരംഭിക്കും.ഗൗരിയുടെ സഹോദരി കവിതാ ലങ്കേഷിനോട് മെയ് 27ന് കോടതിയില്‍ ഹാജരാകാന്‍ പ്രത്യേക കോടതി ജഡ്ജി അനില്‍ ഭീമന്‍ കാട്ടി നിര്‍ദേശിച്ചു.തീവ്രഹിന്ദുത്വ സംഘടനയായ സനാദന്‍ സന്‍സ്തയുടെ പ്രവര്‍ത്തകര്‍ ഗൗരിയെ വെടിവച്ച് കൊലപ്പെടുത്തിയതിന് നാല് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിക്കുന്നത്.
2017 സെപ്റ്റംബര്‍ അഞ്ചിന് ബംഗളൂരുവിലെ വസതിയിലാണ് ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത്.ലങ്കേഷ് പത്രിക ഓഫിസില്‍ നിന്ന് വീട്ടിലേക്ക് കയറുന്നതിനിടെ ബൈക്കിലെത്തിയ ആക്രമികള്‍ വെടി വെക്കുകയായിരുന്നു.വെടിയുണ്ട ഗൗരി ലങ്കേഷിന്റെ കഴുത്തിലും നെഞ്ചിലും തലയിലും തുളച്ചു കയറിയായിരുന്നു മരണം.
കൊലപാതകം അന്വേഷിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു.ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് പിന്നില്‍ തീവ്ര ഹിന്ദു സംഘടനയായ സനാതന്‍ സന്‍സ്തയാണെന്ന് എസ്‌ഐടി കുറ്റപത്രത്തില്‍ പറയുന്നു.18 പ്രതികളെ ഉള്‍പ്പെടുത്തി എസ്‌ഐടി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.എന്നാല്‍ ഇതുവരെ 17 പേരെ മാത്രമാണ് പോലിസ് അറസ്റ്റ് ചെയ്തത്.18ാം പ്രതിയായ നിഹാല്‍ എന്നറിയപ്പെടുന്ന വികാസ് പട്ടേലിനെ ഇതുവരെ പിടികൂടാന്‍ പോലിസിന് കഴിഞ്ഞിട്ടില്ല.
ലങ്കേഷ് പത്രികയിലെ ഗൗരിയുടെ എഴുത്ത് തീവ്രഹിന്ദുത്വ സംഘടനാ പ്രവര്‍ത്തകരെ ചൊടിപ്പിച്ചിരുന്നു. മതത്തെ സംരക്ഷിക്കാനാണ് കൊല നടത്തിയത് എന്നാണ് ഗൗരിക്കുനേരെ വെടിയുതിര്‍ത്ത പരുശുറാം വാഗമോറെ പറഞ്ഞത്.ദാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരുടെ ജീവനെടുത്ത അതേ സംഘടനയായ സനാദന്‍ സന്‍സ്തയാണ് ഗൗരി ലങ്കേഷിന്റെ നേര്‍ക്കും നിറയൊഴിച്ചത്.അതിനാല്‍ ഈ കൊലപാതകങ്ങളുമായി ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ബന്ധമുണ്ടെന്നും എസ്‌ഐടി വ്യക്തമാക്കി. ആശയപരമായ കാരണങ്ങളാല്‍ നടന്ന കൊലപാതകങ്ങള്‍ക്കെല്ലാം പിന്നില്‍ ഒരേ സംഘമാണെന്നാണ് പോലിസ് നിഗമനം.
സംഭവത്തില്‍ അമോല്‍ കാലെ, അമിത് ബഡ്ഡി, പരശുറാം വാഗ്മോര്‍, ഗണേഷ് മിസ്‌കിന്‍, അമിത് ദേഗ്വേക്കര്‍, ഭരത് കുറാനെ, രാജേഷ് ഡി. ബംഗേര, സുധന്‍വ ഗോണ്ഡലേക്കര്‍, മോഹന്‍ നായക് എന്‍, സുരേഷ് എച്ച് എല്‍, ശരദ് ബി. കലാസ്‌കര്‍, വാസുദേവ് ബി സൂര്യവംശി, സുജിത്കുമാര്‍, മനോഹര്‍ യാദവെ, ശ്രീകാന്ത് യാദവെ, ജെ.പഗാര്‍ക്കര്‍, കെ ടി നവീന്‍ കുമാര്‍, റുഷികേശ് ദേവദേക്കര്‍ എന്നിവരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച മോഹന്‍ നായിക്കിനെ സംഘടിത കുറ്റകൃത്യം തടയല്‍ നിയമത്തില്‍ നിന്ന് കര്‍ണാടക ഹൈക്കോടതി ഒഴിവാക്കിയിരുന്നു.
കോടതിയില്‍ നിന്നുള്ള നീതി വൈകുന്നതിന്റെ ആശങ്കയിലായിരുന്നു ഗൗരിയുടെ കുടുംബം.വിചാരണ നടപടികള്‍ നീളുന്നതില്‍ ആശങ്കയുണ്ടെന്ന് സഹോദരി കവിതാ ലങ്കേഷ് പറഞ്ഞു. ജീവിച്ചിരുന്നപ്പോള്‍ ഗൗരിയുടെ സുരക്ഷയെക്കുറിച്ച് താന്‍ ഭയപ്പെട്ടിരുന്നതായി കവിത ലങ്കേഷ് പറഞ്ഞു. മരിക്കുമ്പോള്‍ അവള്‍ക്കെതിരെ 80 പോലീസ് കേസുകള്‍ ഉണ്ടായിരുന്നു. അവള്‍ ഇപ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ ഇനിയും എത്ര കേസുകള്‍ അവളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുമായിരുന്നു? ഒരുപക്ഷെ വരവര റാവു, സുധ ഭരദ്വാജ് തുടങ്ങി എണ്ണമറ്റ മറ്റുള്ളവരെപ്പോലെ അവളും ഇന്ന് ജയിലില്‍ കഴിയേണ്ട അവസ്ഥയും വരുമായിരുന്നുവെന്നും കവിത പറഞ്ഞു.