മതവികാരം വ്രണപ്പെട്ടു, പക്ഷേ ലൗ ജിഹാദ് എന്നൊന്നില്ല; മലക്കം മറിഞ്ഞ് ജോര്‍ജ് എം തോമസ്
കന്യാസ്ത്രീകള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പാര്‍ട്ടിക്ക് പ്രദേശത്ത് വലിയ പ്രശ്‌നമുണ്ടാക്കി. തന്റെ വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ലൗജിഹാദ് എന്നത് ഇല്ലായെന്നും ജോര്‍ജ് എം തോമസ് തിരുത്തി.
കോഴിക്കോട്: ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി ഷെജിനും ജോയ്സ്നയും വിവാഹം കഴിച്ചതിലൂടെ പ്രദേശത്തെ മത വികാരം വ്രണപ്പെട്ടുവെന്നത് സത്യമാണെന്ന് മുന്‍ തിരുവമ്പാടി എംഎല്‍എ ജോര്‍ജ് എം തോമസ്. കന്യാസ്ത്രീകള്‍ പോലും പ്രതിഷേധവുമായി തെരുവിലിറങ്ങി. ഇത് പാര്‍ട്ടിക്ക് പ്രദേശത്ത് വലിയ പ്രശ്‌നമുണ്ടാക്കി. തന്റെ വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. ലൗജിഹാദ് എന്നത് ഇല്ലായെന്നും ജോര്‍ജ് എം തോമസ് തിരുത്തി.
മിശ്ര വിവാഹത്തെയൊക്കെ പാര്‍ട്ടി എപ്പോഴും അംഗീകരിക്കുന്നതാണ്. അതിലൊന്നുമല്ല പ്രശ്‌നം. വിവാഹം കഴിക്കാന്‍ തീരുമാനിച്ച കാര്യം ആദ്യം അവര്‍ പാര്‍ട്ടിയെ അറിയിക്കണമായിരുന്നു. അങ്ങനെയെങ്കില്‍ പാര്‍ട്ടി ഇടപെട്ട് കാര്യങ്ങള്‍ ചെയ്യുമായിരുന്നു. ലൗജിഹാദ് വിഷയത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞതാണ് നയമെന്നും ജോര്‍ജ് എം തോമസ് പ്രതികരിച്ചു. ഇങ്ങനെയൊരു പ്രശ്‌നമുണ്ടായപ്പോള്‍ ക്രിസ്ത്യന്‍ സമൂഹം വലിയ രീതിയില്‍ പ്രതികരിച്ചു. ഇത് മുതലെടുക്കാന്‍ യുഡിഎഫ് ശ്രമിച്ചുവെന്നും ജോര്‍ജ് എം തോമസ് ചൂണ്ടിക്കാട്ടി.
സമൂഹത്തില്‍ ലൗ ജിഹാദ് എന്ന പ്രക്രിയ നടക്കുന്നുണ്ടെന്ന് സിപിഎമ്മിന്റെ പാര്‍ട്ടിരേഖകളില്‍ വ്യക്തമായി പറയുന്നുണ്ടെന്നും പ്രൊഫഷണല്‍ കോളജുകളില്‍ പഠിക്കുന്ന വിദ്യാസമ്പന്നരായ പെണ്‍കുട്ടികളെ മിശ്രവിവാഹത്തിന് പ്രേരിപ്പിക്കുന്നത് അപൂര്‍വമായി നടക്കുന്നുണ്ടെന്നും സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഇന്നലെ ജോര്‍ജ് എം തോമസ് അഭിപ്രായപ്പെട്ടിരുന്നു. ഇത് വലിയ വിവാദത്തിനും വഴിയൊരുക്കിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന് നാക്കുപിഴ സംഭവിച്ചുവെന്നും ലൗ ജിഹാദ് ഇല്ലെന്നും പറഞ്ഞ് സിപിഎം ജില്ലാ സെക്രട്ടറി പി.മോഹനന്‍ തന്നെ ഇന്ന് രംഗത്ത് വന്നിരുന്നു.