ദുബയ്: വടക്കന്‍ കേരളത്തിലെ പ്രവാസികള്‍ക്ക് ആശ്വാസമായി, ഗോ എയര്‍ ദുബയില്‍ നിന്ന് കണ്ണൂരിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നു. വെള്ളിയാഴ്ച മുതലാണ് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്. യുഎഇ സമയം പുലര്‍ച്ചെ 12.20ന് ദുബയ് ടെര്‍മിനല്‍ ഒന്നില്‍ നിന്നും പുറപ്പെടുന്ന ഗോ എയറിന്റെ ജി 857 വിമാനം രാവിലെ 5.35ന് കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ചേരും.
ഗോ എയറിന്റെ ജി8 58 ആദ്യവിമാനം വ്യാഴാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 7.05ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് യുഎഇ സമയം രാത്രി 10.30ന് ദുബായിലെത്തിച്ചേരും. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ടെന്നും നല്ല പ്രതികരണമാണ് യാത്രാക്കാരില്‍ നിന്ന് ലഭിക്കുന്നതെന്നും ഗോ എയറിന്റെ രാജ്യാന്തര ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് അര്‍ജുന്‍ദാസ് ഗുപ്ത പറഞ്ഞു. 335 ദിര്‍ഹം മുതലാണ് വണ്‍വെ ടിക്കറ്റ് നിരക്ക്.
വിനോദസഞ്ചാര വാണിജ്യകേന്ദ്രമായ കണ്ണൂരിനെ ദുബയിമായി ബന്ധപ്പെടുത്തി മിതമായ ടിക്കറ്റ് നിരക്കില്‍ മികച്ച നിലവാരത്തിലുളള സേവനമാണ് ഗോ എയര്‍ ലക്ഷ്യം വയ്ക്കുന്നത്. ഭാവിയില്‍ ഷാര്‍ജയില്‍ നിന്നുള്‍പ്പടെ കണ്ണൂരിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അല്‍ നബൂദ ഗ്രൂപ്പ് എന്റര്‍പ്രൈസസിന്റെ ട്രാവല്‍ ആന്‍ഡ് ടൂറിസം ബിസിനസ് സ്ഥാപനമായ അല്‍ നബൂദ ട്രാവല്‍ ആന്‍ഡ് ടൂറിസവുമായി ചേര്‍ന്നാണ് ഗോ എയര്‍ സര്‍വീസ് ആരംഭിക്കുന്നത്. യുഎഇ ഗവണ്‍മെന്റിനോടും ദുബയ് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയോടും അല്‍ നബൂദ ട്രാവല്‍ ആന്റ് ടൂറിസം ഏജന്‍സി, അബുദാബി സഫര്‍ എമിറേറ്റ്‌സ് ട്രാവല്‍ അല്‍ ഐന്‍, അറേബ്യന്‍ ട്രാവല്‍ സര്‍വീസ് ഫുജൈറ, റാസല്‍ഖൈമ എന്നീ സ്ഥാപനങ്ങളോടും ദുബായ് എയര്‍പോര്‍ട്ട്‌സ്, എമിറേറ്റ്‌സ് ഗ്രൗണ്ട് ആന്‍ഡ് മെയിന്റനന്‍സ് സര്‍വീസ് എന്നിവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.