സ്വര്‍ണക്കടത്ത്: കേരളാ പോലിസും എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ചെന്നിത്തല

Update: 2020-07-11 07:08 GMT

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കേരള പോലിസും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡിജിപിക്ക് കത്ത് നല്‍കി. സ്വര്‍ണക്കടത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടോ, അതില്‍നിന്ന് ലഭിച്ച പണം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് എന്‍ഐഎ അന്വേഷിക്കുന്നത്. എന്നാല്‍ അതുകൊണ്ട് മാത്രം കാര്യമില്ലെന്നാണ് ഡിജിപിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നത്.

    മുഖ്യമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ അന്വേഷണ വിധേയമാക്കണം. സംസ്ഥാന സര്‍ക്കാരിന്റെ സംവിധാനങ്ങള്‍ ഈ കേസില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. സര്‍ക്കാരിന്റെ ഔദ്യോഗിക ചിഹ്നമുള്ള വിസിറ്റിങ് കാര്‍ഡ് അടിച്ച് താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന മട്ടില്‍ സ്വപ്ന സുരേഷ് ആളുകളെ പരിചയപ്പെട്ടിട്ടുണ്ട്. ഇതുമാത്രമല്ല, സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനങ്ങളില്‍ വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം കടത്തിയെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇത്തരം ഗുരുതരമായ ആക്ഷേപങ്ങള്‍ നിലനില്‍ക്കുന്ന കേസില്‍ എന്‍ഐഎ അന്വേഷണം വേറൊരു ദിശയിലാണ് നീങ്ങുന്നത്. എന്നാല്‍ ഉയര്‍ന്നുവന്നിട്ടുള്ള ഈ ആക്ഷേപങ്ങളില്‍ സംസ്ഥാന പോലിസ് അന്വേഷണം നടത്തണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

    നേരത്തേ, ആരോപണങ്ങള്‍ ഉന്നയിച്ച സമയത്ത് എന്തുകൊണ്ട് പ്രതിപക്ഷം പരാതി നല്‍കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രി ചോദിച്ചത്. ഇതിന് മറുപടിയായാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പോലിസിന്റെ സമാന്തര അന്വേഷണം ആവശ്യപ്പെട്ട് കത്ത് അയച്ചിരിക്കുന്നത്.




Tags:    

Similar News