സ്വര്‍ണക്കടത്ത് കേസ്: പ്രതികളുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് തിരിച്ചു; കേരള അതിര്‍ത്തി കടന്നതായി സൂചന
ഇരുവരെയും കഴിഞ്ഞ ദിവസം ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ കഴിഞ്ഞ ദിവസം രാത്രി ബംഗഌരുവില്‍ പിടിയിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരുമായി എന്‍ഐഎ സംഘം കൊച്ചിയിലേക്ക് യാത്രതിരിച്ചു. കേരള അതിര്‍ത്തി പിന്നിട്ടെന്നാണ് സൂചന. ഇരുവരെയും കഴിഞ്ഞ ദിവസം ഡൊംലൂരിലെ എന്‍ഐഎ ഓഫിസില്‍ ചോദ്യം ചെയ്തിരുന്നു. ഇരുവരുടെയും ചിത്രങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
സന്ദീപ് സഹോദരനെ ഫോണില്‍ വിളിച്ചതാണ് പ്രതികളെ പിടികൂടാന്‍ എന്‍ഐഎയ്ക്ക് സഹായമായത്. സന്ദീപിന്റെ തിരുവനന്തപുരത്തെ വീട്ടില്‍ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെയാണ് സഹോദരന്റെ ഫോണിലേക്ക് സന്ദീപ് വിളിക്കുന്നത്. ഇക്കാര്യം കസ്റ്റംസ് എന്‍ഐഎയ്ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്നാണ് ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം നടത്തിയതും പ്രതികളെ കണ്ടെത്തിയതും.
സ്വര്‍ണക്കടത്ത് പുറത്തുവന്ന് ഒരാഴ്ച തികയുമ്പോഴാണ് സ്വപ്‌ന പിടിയിലാകുന്നത്. ഇതുവരെ തിരുവനന്തപുരം, കൊച്ചി, ബംഗഌരു എന്നിവിടങ്ങളിലായി ഒളിവില്‍ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പാണ് സ്വപ്‌ന കൊച്ചിയില്‍ നിന്നും ബംഗഌരുവില്‍ എത്തിയത്. പിടിയിലാകുമ്പോള്‍ സ്വപ്‌നയ്‌ക്കൊപ്പം കുടുംബവും ഉണ്ടായിരുന്നുവെന്നാണ് റിപോര്‍ട്ടുകള്‍.
എന്നാല്‍ എന്‍ഐഎ ഇക്കാര്യം തളളിക്കളഞ്ഞു. ബംഗഌരുവിലെ കൊറമംഗല 7 ബ്ലോക്കിലെ അപ്പാര്‍ട്ട്‌മെന്റ് ഹോട്ടലില്‍ താമസിക്കുകയായിരുന്നു സ്വപ്‌ന. ഇവിടെ നിന്നാണ് സ്വപ്നയെ എന്‍ഐഎ പിടികൂടിയത്.
സന്ദീപ് നായരെ മറ്റൊരു അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. രണ്ടര ലക്ഷം രൂപയും തിരിച്ചറിയല്‍ കാര്‍ഡും, പാസ്‌പോര്‍ട്ടും മൂന്ന് മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തി. എസ് ക്രോസ് കാറില്‍ രണ്ട് ദിവസം മുന്‍പാണ് ഇവര്‍ ബംഗ്‌ളൂരുവില്‍ എത്തിയതെന്നാണ് വിവരം. സന്ദീപാണ് കാര്‍ ഓടിച്ചിരുന്നത്. യാത്രാമധ്യ പല ഇടങ്ങളിലും ഇവര്‍ താമസിച്ചിരുന്നു.
ആദ്യം താമസിച്ചത് ബിടിഎം ലേ ഔട്ടിലെ ഹോട്ടലില്‍. ഇതിന് ശേഷമാണ് കോറമംഗലയിലെ ഒക്ടേവിലേക്ക് മാറിയത്. സ്വര്‍ണക്കടത്ത് കേസില്‍ രണ്ടാം പ്രതിയാണ് സ്വപ്‌ന. സന്ദീപ് നായര്‍ നാലാം പ്രതിയും. വെളളിയാഴ്ച വൈകിട്ടാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നാല് പ്രതികളാണ് കേസിലുളളത്. അറസ്റ്റിലായ സരിത്താണ് കേസില്‍ ഒന്നാം പ്രതി. ഫൈസല്‍ ഫരീദാണ് മൂന്നാം പ്രതി.
കേസുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശി ഇന്ന് അറസ്റ്റിലായിട്ടുണ്ട്. ഇയാളെ കൊച്ചിയിലെത്തിച്ച് അന്വേഷണ സംഘം ചോദ്യം ചെയ്തുവരികയാണ്.