സ്വർണക്കടത്ത്: സ്വപ്‌ന വിളിച്ചവരില്‍ ആര്‍എസ്എസ് ചാനലിലെ ഉന്നതനും

സാധാരണ ഇങ്ങനെ വരുന്ന വാർത്തയുടെ സ്ഥിരീകരണത്തിനു പ്രാദേശിക റിപോർട്ടർമാരോ ബ്യൂറോ ചീഫുമാരോ ഒക്കെ ആണ് വിളിക്കുന്നത്.

Update: 2020-07-16 06:38 GMT

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് വിളിച്ചവരില്‍ ആര്‍എസ്എസ് ചാനലിലെ ഉന്നതനും. കോ-ഓഡിനേറ്റിങ് എഡിറ്ററും വാര്‍ത്താവിഭാഗം ചുമതലക്കാരനുമായ അനില്‍ നമ്പ്യാരുമായാണ് സ്വപ്ന ഫോണിലൂടെ ആശയവിനമിയം നടത്തിയത്. ഫോണ്‍ രേഖകള്‍ പുറത്തുവന്നതിന് പിന്നാലെ സ്വപ്നാ സുരേഷിനെ ഫോണില്‍ ബന്ധപ്പെട്ടതായി അനില്‍ നമ്പ്യാര്‍ സമ്മതിക്കുകയും ചെയ്തു. ജൂലൈ അഞ്ചിനാണ്‌ നയതന്ത്ര ബാഗേജ്‌ വഴിയുള്ള സ്വർണക്കടത്ത്‌ കസ്‌റ്റംസ്‌ പിടികൂടുന്നത്‌. പുറത്തു വന്ന കാൾ ലിസ്റ്റ് പ്രകാരം അദ്ദേഹം വിളിച്ചതായി കാണുന്നത് അഞ്ചാം തീയതി സമയം ഉച്ചക്ക് 12:42 നാണ്. തിരുവനന്തപുരത്തെ യുഎഇ കോൺസുലേറ്റിലേക്ക് ഡിപ്ലോമാറ്റിക് ബാഗേജ് വഴി 30 കിലോ സ്വർണം വന്നതായുള്ള വാർത്തയുടെ പശ്ചാത്തലത്തിലാണ് അവരെ വിളിച്ചതെന്നുമാണ് അനിൽ നമ്പ്യാരുടെ വിശദീകരണം.

എന്നാൽ അഞ്ചാം തീയതി ഡെസ്കിലേക്ക് വാർത്ത പോയി എന്ന് അനിൽ നമ്പ്യാർ പറയുന്നണ്ടെങ്കിലും ആറാം തീയതി ഉച്ചക്കാണ് വാർത്ത ജനം ടിവിയിൽ ആദ്യമായി റിപോർട്ട് ചെയ്യപ്പെട്ടത്. ജയ്ഹിന്ദ് ന്യൂസാണ് ആദ്യം വാർത്ത റിപോർട്ട് ചെയ്തത്. തിരുവനന്തപുരത്ത് സ്വന്തം ബ്യൂറോയും റിപോർട്ടർമാരും ഉള്ള ഒരു ചാനലിലെ മേധാവി എന്തിനാണ് സ്വപ്നയെ നേരിട്ട് വിളിച്ച് വാർത്തയെടുക്കുന്നു എന്നതും സംശയാസ്പദമാണ്.

സാധാരണ ഇങ്ങനെ വരുന്ന വാർത്തയുടെ സ്ഥിരീകരണത്തിനു പ്രാദേശിക റിപോർട്ടർമാരോ ബ്യൂറോ ചീഫുമാരോ ഒക്കെ ആണ് വിളിക്കുന്നത്. സീനിയർ എഡിറ്റർ ആയ അനിൽ നമ്പ്യാർ ഇവരെ നേരിട്ട് വിളിച്ചു 262 സെക്കന്റ് സംസാരിച്ചിട്ടുണ്ട്. കൃത്യം ഒരുമണിക്കൂർ കഴിഞ്ഞ് സ്വപ്ന അനിൽ നമ്പ്യാരെ വിളിച്ചു ഒരു മിനിറ്റ് സംസാരിച്ചതായും പുറത്തുവന്ന രേഖയിൽ കാണുന്നു. പിന്നീട് മൂന്നു മണിയോട് കൂടി സ്വപ്നയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആവുകയും അവർ ഒളിവിൽ പോവുകയുമായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.

Tags:    

Similar News