'വെടിവച്ച് കൊല്ലൂ'; കൊലവിളിയുമായി ഹിന്ദുത്വസംഘം ഡല്‍ഹി മെട്രോസ്‌റ്റേഷനില്‍

സിഎഎ വിരുദ്ധ സമരത്തിനെതിരേ രംഗത്തെത്തിയ ബിജെപി നേതാക്കള്‍ സമാനമായ കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു

Update: 2020-02-29 13:56 GMT
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഏറ്റവും തിരക്കേറിയ മെട്രോ സ്‌റ്റേഷനുകളിലൊന്നില്‍ ഒരുകൂട്ടം ഹിന്ദുത്വര്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയത് നാടകീയരംഗങ്ങള്‍ക്കിടയാക്കി. 'രാജ്യദ്രോഹികളെ വെടിവച്ചുകൊല്ലൂ' എന്നാക്രോശിച്ചാണ് രാജീവ് ഛൗ ക്ക് മെട്രോ സ്‌റ്റേഷനിലെത്തിയത്. വെളുത്ത ടീഷര്‍ട്ടുകളും ഓറഞ്ച് തൊപ്പിയും ധരിച്ച ഒരു സംഘമാണ് രാജ്യത്തെ ഒറ്റിക്കൊടുക്കുന്ന ദേശദ്രോഹികളെ വെടിവച്ച് കൊല്ലൂ എന്ന് ആക്രോശിച്ച് പ്രകടനം വിളിച്ചത്. സംഭവത്തില്‍ ആറുപേരെ അറസ്റ്റ് ചെയ്തു. എന്നാല്‍, യാത്രക്കാരെയാണ് പിടികൂടിയതെന്നു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ ലിമിറ്റഡ് അധികൃതര്‍ പറഞ്ഞു. ഇവരെ മെട്രോ ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് പിടികൂടുകയും തുടര്‍നടപടികള്‍ക്കായി ഡല്‍ഹി മെട്രോ റെയില്‍ പോലിസിന് കൈമാറുകയും ചെയ്തു. ശനിയാഴ്ച രാവിലെ 10.52 ഓടെയാണ് സംഭവമെന്ന് ഡിആംആര്‍സി പ്രസ്താവനയില്‍ വ്യക്തമാക്കി. ഡല്‍ഹി മെട്രോ പരിസരത്ത് പ്രകടനങ്ങള്‍ക്ക് നിരോധനമുള്ള മേഖലയാണ്.

    സ്‌റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്താന്‍ പോവുമ്പോഴാണ് ഒരുസംഘം മുദ്രാവാക്യം വിളിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപോര്‍ട്ട് ചെയ്തു. ട്രെയിനെത്തിയ ശേഷം 'രാജ്യദ്രോഹികളെ വെടിവയ്ക്കുക' തുടങ്ങിയ പൗരത്വ അനുകൂല നിയമ മുദ്രാവാക്യങ്ങള്‍ വിളിച്ചുപറയുകയും രാജ്യത്തെ യുവാക്കള്‍ സിഎഎയെ പിന്തുണയ്ക്കാനും പ്രതിരോധിക്കാനും തയ്യാറാണെന്നും വിളിച്ചുപറഞ്ഞു.

    നേരത്തെ, സിഎഎ വിരുദ്ധ സമരത്തിനെതിരേ രംഗത്തെത്തിയ ബിജെപി നേതാക്കള്‍ സമാനമായ കൊലവിളി മുദ്രാവാക്യവുമായി രംഗത്തെത്തിയിരുന്നു. പൗരത്വ നിയമത്തിനെതിരേ പ്രതിഷേധിക്കുന്നവരെ രാജ്യദ്രോഹികളെന്ന് ആക്ഷേപിച്ച ബിജെപി നേതാക്കള്‍ വെടിവച്ച് കൊല്ലൂവെന്ന മുദ്രാവാക്യം ആവര്‍ത്തിക്കുന്നതിനിടെയാണ് ശാഹീന്‍ബാഗിലും ജാമിഅയിലും പ്രക്ഷോഭകര്‍ക്കു നേരെ വെടിവയ്പുണ്ടായത്. കഴിഞ്ഞ മാസം ഡല്‍ഹി തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ ബിജെപി റാലിയിലും സമാനമുദ്രാവാക്യം വിളിച്ചിരുന്നു.




Tags:    

Similar News