ബംഗാളില്‍ വീണ്ടും 'ഗോലി മാരോ' മുദ്രാവാക്യം; മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
അതേസമയം, രാജ്യദ്രോഹികളെ ലക്ഷ്യമിട്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന് ബിജെപി പ്രതികരിച്ചു. അവരില്‍ ചിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണെന്നും ബിജെപി കുറ്റപ്പെടുത്തി.
കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പശ്ചിമബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള രാഷ്ട്രീയപ്പോര് രൂക്ഷമാവുന്നു. ഹൂഗ്ലി ജില്ലയിലെ ചന്ദനഗര്‍ പ്രദേശത്ത് റാലിയില്‍ 'ദേശ് കെ ഗദ്ദാരോണ്‍ കോ, ഗോലി മാരോ സലോണ്‍ കോ' (രാജ്യത്തെ രാജ്യദ്രോഹികളെ വെടിവയ്ക്കൂ) മുദ്രാവാക്യം വിളിച്ചതിന് മൂന്ന് ബിജെപി പ്രവര്‍ത്തകരെ പോലിസ് അറസ്റ്റുചെയ്തു. കൊല്‍ക്കത്തയില്‍ കഴിഞ്ഞദിവസം നടന്ന മാര്‍ച്ചില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ സമാനമായ മുദ്രാവാക്യങ്ങള്‍ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബിജെപി മറുപടിയുമായി രംഗത്തുവന്നത്.
ചന്ദനഗറിലെ രത്താല പ്രദേശത്ത് ഇന്ത്യന്‍ പതാകയോടൊപ്പം പാര്‍ട്ടി പതാക വഹിച്ചുകൊണ്ട് ബിജെപി പ്രവര്‍ത്തകര്‍ 'ഗോലി മാരോ' മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതായി പിടിഐ റിപോര്‍ട്ട് ചെയ്തു. ഒരു ട്രക്കില്‍ ബിജെപി നേതാവ് സുവേന്ദു അധികാരി, ഹൂഗ്ലി എംപി ലോക്കറ്റ് ചാറ്റര്‍ജി എന്നിവര്‍ റാലിയെ പിന്തുടരുന്നുണ്ടായിരുന്നു. 'ഗോലി മരോ മുദ്രാവാക്യം മുഴക്കുന്നത് അംഗീകരിക്കാനാവില്ല. ജനങ്ങളെ പ്രകോപിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്- പശ്ചിമ ബംഗാള്‍ നഗരവികസന മന്ത്രി ഫിര്‍ഹാദ് ഹക്കിം എന്‍ഡിടിവിയോട് പറഞ്ഞു.
അതേസമയം, രാജ്യദ്രോഹികളെ ലക്ഷ്യമിട്ടാണ് മുദ്രാവാക്യം വിളിച്ചതെന്ന് ബിജെപി പ്രതികരിച്ചു. അവരില്‍ ചിലര്‍ തൃണമൂല്‍ കോണ്‍ഗ്രസിലാണെന്നും ബിജെപി കുറ്റപ്പെടുത്തി. ഇതിനെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്ന് സംസ്ഥാന വക്താവ് സമിക് ഭട്ടാചാര്യ പറഞ്ഞു. അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന സുവേന്ദു അധികാരി നയിക്കുന്ന റാലിയോടനുബന്ധിച്ച് തെക്കന്‍ കൊല്‍ക്കത്തയില്‍ തിങ്കളാഴ്ച നടത്തിയ റോഡ് ഷോയിലാണ് സംഘര്‍ഷം ഉടലെടുത്തത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം തെരുവില്‍ ഏറ്റുമുട്ടലില്‍ കലാശിച്ചു.
ബിജെപിയുടെ റോഡ് ഷോയ്ക്ക് മറുപടിയായി തൃണമൂല്‍ നടത്തിയ കൂറ്റന്‍ മാര്‍ച്ചിലാണ് ബിജെപിക്കെതിരേ ഗോലി മോരാ മുദ്രാവാക്യം ഉയര്‍ന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും മന്ത്രിമാരും പങ്കെടുത്ത വമ്പിച്ച റാലിയിലാണ് ബിജെപിക്കെതിരേ 'ഗോലി മാരോ' ഉയര്‍ന്നത്. ഇത് മൂന്നാംതവണയാണ് കൊല്‍ക്കത്തയില്‍ 'ഗോലി മാരോ' മുദ്രാവാക്യം മുഴങ്ങുന്നത്.