ന്യൂഡല്‍ഹി: പ്രമുഖ യുപിഐ പണം കൈമാറ്റ ആപ്ലിക്കേഷനായ 'ഗൂഗ്ള്‍ പേ' മണിക്കൂറുകള്‍ക്കു ശേഷം പ്ലേ സ്റ്റോര്‍ ആപ്പില്‍ തിരിച്ചെത്തി. കഴിഞ്ഞ ദിവസം പൊടുന്നനെ 'ഗൂഗ്ള്‍ പേ' അപ്രത്യക്ഷമായത് ഇടപാടുകാരെ ആശങ്കയിലാഴ്ത്തിയിരുന്നു. ഇതേക്കുറിച്ച് വിവിധ മേഖലകളില്‍ നിന്ന് പരാതികള്‍ ഉയരുന്നതിനിടെയാണ് മണിക്കൂറുകള്‍ക്കു ശേഷം പുതിയ അപ്‌ഡേറ്റ് ഉള്‍പ്പെടുത്തി വീണ്ടും പ്ലേ സ്റ്റോറില്‍ പ്രത്യക്ഷപ്പെട്ടത്. എന്നാല്‍, പ്ലേ സ്റ്റോറില്‍ നിന്നു 'മുങ്ങിയ'തിന്റെ കാരണം ഇപ്പോഴും അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചും പ്രകടനം മെച്ചപ്പെടുത്തിയുമുള്ള അപ്‌ഡേറ്റാണ് ഇതെന്നാണ് വിശദീകരണം.
കഴിഞ്ഞ ദിവസം ഗൂഗ്ള്‍ പേ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ശ്രമിച്ച ഉപയോക്താക്കളാണ് പ്ലേ സ്റ്റോറില്‍ ആപ്ലിക്കേഷന്‍ കാണുന്നില്ലെന്ന പരാതിയുമായെത്തിയത്. അതേസമയം, നേരത്തെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. വെബ്‌സൈറ്റില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാമായിരുന്നെങ്കിലും പ്ലേസ്റ്റോറിന്റെ മൊബൈല്‍ ആപ്പാണ് അപ്രത്യക്ഷമായിരുന്നത്. പ്ലേ സ്റ്റോര്‍ ലിങ്കില്‍ കയറിയാല്‍ ഈ രാജ്യത്ത് ഇത് ലഭ്യമല്ലെന്ന സന്ദേശമാണ് ലഭിച്ചിരുന്നത്. പരാതിയെ തുടര്‍ന്ന് ഗൂഗിള്‍ പേ ഇന്ത്യ ചില ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ആപ്പ് പ്ലേ സ്റ്റോറില്‍ കാണാന്‍ കഴിയുന്നില്ലെന്നും പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും തിങ്കളാഴ്ച രാത്രി ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഏതായാലും ചൈനീസ് ആപ്പുകള്‍ക്കും മറ്റുമുള്ള നിരോധനത്തിനിടെ 'ഗൂഗ്ള്‍ പേ' പ്ലേ സ്റ്റോറില്‍ നിന്നു അപ്രത്യക്ഷമായത് ഇടപാടുകാരെ ആശങ്കയിലായ്ത്തിയിട്ടുണ്ട്. മാത്രമല്ല, ഗൂഗ്ള്‍ പേയില്‍ പണം കൈമാറുകയോ ബില്ലടയ്ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഈയിടെയായി ബാങ്ക് സെര്‍വര്‍ പ്രതികരിക്കുന്നില്ലെന്ന സന്ദേശവും വര്‍ധിച്ചിട്ടുണ്ട്.
'Google Pay' returns to Play Store; The reason of 'missing is unclear