അഡീഷണല്‍ ചീഫ് സെക്രട്ടറിക്കെതിരായ പരാമര്‍ശം: എന്‍ പ്രശാന്തിന് എതിരെ നടപടിയുണ്ടാവും
'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു.
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ ജയതിലകിനെതിരെ സാമൂഹിക മാധ്യമത്തില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ എന്‍ പ്രശാന്ത് ഐഎഎസിനെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുതിര്‍ന്ന ഐഎഎസ്. ഉദ്യോഗസ്ഥന് കൂടിയായ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ പ്രശാന്തിന്റെ പരാമര്‍ശം ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കിടയിലും അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്.
പ്രശാന്തിനെതിരായ അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് നേരത്തേ പുറത്തുവന്നിരുന്നു. തുടര്‍ന്നാണ് ജയതിലകിനെതിരെ പ്രശാന്ത് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടത്. അടുത്ത ചീഫ് സെക്രട്ടറി എന്ന് സ്വയം പ്രഖ്യാപിച്ച മഹദ് വ്യക്തിയെന്ന് ജയതിലകിനെ വിശേഷിപ്പിച്ച പ്രശാന്ത് അദ്ദേഹത്തിനെതിരായ ഫയലുകള്‍ പുറത്തുവിടുമെന്ന ഭീഷണിയും മുഴക്കി. കൂടാതെ 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യാണ് ജയതിലക് എന്ന് കമന്റ് ബോക്സിലും കുറിച്ചു.