ഉന്നതിയിലെ ഫയലുകള്‍ കൈമാറിയെന്ന പ്രശാന്തിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി

അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഫയലിലെ കുറിപ്പുകളിലാണ് മന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച കവറിലും മുഴുവന്‍ രേഖകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്.

Update: 2024-11-10 01:18 GMT

തിരുവനന്തപുരം: എസ്‌സി-എസ്ടി വിഭാഗക്കാരുടെ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് രൂപീകരിച്ച എംപവര്‍മെന്റ് സൊസൈറ്റിയായ 'ഉന്നതി'യിലെ ഫയലുകളും രേഖകളും മന്ത്രിയായിരുന്ന കെ രാധാകൃഷ്ണനെ ഏല്‍പ്പിച്ചെന്ന മുന്‍ സിഇഒ എന്‍ പ്രശാന്തിന്റെ വാദം തെറ്റാണെന്ന് കണ്ടെത്തി. ഉന്നതിയിലെ രേഖകള്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപോര്‍ട്ടുനല്‍കിയിരുന്നു. ഈ റിപോര്‍ട്ടിനൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഫയലിലെ കുറിപ്പുകളിലാണ് മന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച കവറിലും മുഴുവന്‍ രേഖകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്.

2023 മാര്‍ച്ച് മൂന്നിനാണ് പ്രശാന്തിനെ ഉന്നതിയുടെ സിഇഒ ആയി നിയമിച്ച് ഉത്തരവിറങ്ങുന്നത്. 2024 മാര്‍ച്ച് 15ന് കൃഷിവകുപ്പിന്റെ സ്‌പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. കെ ഗോപാലകൃഷ്ണനെ ഉന്നതി സിഇഒ ആക്കി. 2024 മാര്‍ച്ച് 16നാണ് ഈ ഉത്തരവിറങ്ങുന്നത്. എന്നാല്‍, ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (ആര്‍ടിസി) പ്രശാന്ത് നല്‍കിയില്ലെന്നു കാണിച്ച് ഏപ്രില്‍ 15ന് ഗോപാലകൃഷ്ണന്‍ കത്തുനല്‍കി. ഫയലുകളും രേഖകളും കിട്ടിയില്ലെന്നുകാണിച്ച് കെഎഎസ് കേഡറില്‍നിന്ന് ഉന്നതി കോഡിനേറ്ററായി നിയമിക്കപ്പെട്ട സൂര്യ എസ് ഗോപിനാഥും കത്തുനല്‍കിയിട്ടുണ്ട്.

Tags:    

Similar News