രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി കൂട്ടാന്‍ നീക്കം; ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും
നിലവില്‍ വാക്‌സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍ ജിഎസ്ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തില്‍ 16.5 ശതമാനമായി ഉയരും.
ന്യൂഡല്‍ഹി: വാക്‌സീന്‍ ഇറക്കുമതി ഊര്‍ജിതമാക്കി പരമാവധി പേരെ വാക്‌സിനേറ്റ് ചെയ്യുന്നതിന്റെ ഭാഗമായി രാജ്യത്ത് വാക്‌സീന്‍ ഇറക്കുമതി തീരുവ ഒഴിവാക്കിയേക്കും. നിലവില്‍ വാക്‌സീനുകളുടെ കസ്റ്റംസ് തീരുവ 10 ശതമാനമാണ്. എന്നാല്‍ ജിഎസ്ടി കൂടി ചേരുമ്പോഴേക്ക് ഇറക്കുമതി തീരുവ മൊത്തത്തില്‍ 16.5 ശതമാനമായി ഉയരും.
ഈ സാഹചര്യത്തിലാണ് വാക്‌സീനുകളുടെ ഇറക്കുമതി തീരുവ എടുത്ത് കളയാന്‍ ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ ഇറക്കുമതി ചെയ്ത വാക്‌സീനുകളുടെ വില കുറയുന്നതിന് സഹായകമാകും. ഇറക്കുമതിയുടെ നടപടിക്രമങ്ങള്‍ സുഗമമാക്കാനും, ഏതെങ്കിലും തരത്തില്‍ ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തുകയോ എടുത്തുകളയുകയോ ചെയ്യാനും ആലോചനയുണ്ടെന്ന് കേന്ദ്ര വാണിജ്യ, ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക മാര്‍ഗരേഖ ഉടന്‍ പുറത്തിറങ്ങിയേക്കും. നിലവില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സീനുകളുടെ ഇറക്കുമതി രൂപരേഖ പരിശോധിച്ച് വരികയാണെന്നും, അതിന് ശേഷം തീരുമാനമുണ്ടാകുമെന്നുമാണ് റിപ്പോര്‍ട്ട്.
അമേരിക്ക, യുകെ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളിലെ ഡ്രഗ് റെഗുലേറ്റര്‍മാരും ലോകാരോഗ്യസംഘടനയും അംഗീകരിച്ച വാക്‌സിനുകളെല്ലാം രാജ്യത്ത് ഉപയോഗിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. നിലവില്‍ ആസ്ട്രാസെനകയുടെ കൊവിഷീല്‍ഡും, ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനുമാണ് രാജ്യത്തെ വാക്‌സീനേഷന്‍ കേന്ദ്രങ്ങളില്‍ ഉപയോഗിക്കുന്നത്.