കേരളത്തിലേക്ക് ബസ് സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി; കെഎസ്ആര്‍ടിസിയും ഇന്നു മുതല്‍ സര്‍വീസ് ആരംഭിക്കും
കെഎസ്ആര്‍ടിസി ബസ്സുകളും ചെന്നൈയില്‍ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തും.
ചെന്നൈ: കേരളത്തിലേക്ക് പൊതുഗതാഗത സര്‍വീസുകള്‍ ആരംഭിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ അനുമതി നല്‍കി. കെഎസ്ആര്‍ടിസി ബസ്സുകളും ചെന്നൈയില്‍ നിന്നടക്കമുള്ള സ്വകാര്യ ബസുകളും ഇന്നുമുതല്‍ കേരളത്തിലേയ്ക്ക് സര്‍വീസ് നടത്തും.
തിരുവനന്തപുരം - നാഗര്‍കോവില്‍, പാലക്കാട് - കോയമ്പത്തൂര്‍ സര്‍വീസുകളും കൊട്ടാരക്കര, എറണാകുളം, കോട്ടയം മേഖലകളില്‍ നിന്നുള്ള സംസ്ഥാനാന്തര ബസുകളും ഇന്ന് ഓടിത്തുടങ്ങും. പാലക്കാടു നിന്ന് കോയമ്പത്തൂരിലേക്കാകും ആദ്യ സര്‍വ്വീസ്. മണ്ഡല കാലത്ത് കെഎസ്ആര്‍ടിസി തമിഴ്‌നാട്ടിലേക്കു പ്രത്യേകമായി നടത്തിയിരുന്ന 69 സര്‍വീസുകളും പുനരാരംഭിക്കുമെന്നു കേരള ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.
അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലേക്കും കര്‍ണാടകയിലേക്കും ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നെങ്കിലും കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്ക് തിരിച്ചും ബസ് സര്‍വീസുകള്‍ ഉണ്ടായിരുന്നില്ല. കേരളത്തിലെ കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.