മരുന്നുകളുടെ വില 70 ശതമാനം വരെ കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍; പ്രഖ്യാപനം ആഗസ്ത് 15ന് ഉണ്ടായേക്കും
മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കു മുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
ന്യൂഡല്‍ഹി: അര്‍ബുദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള മരുന്നുകളുടെ വില കുറയ്ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. 70 ശതമാനം വരെ വില കുറയുമെന്നാണ് റിപോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച പ്രഖ്യാപനം സ്വാതന്ത്ര്യദിനത്തില്‍ ഉണ്ടായേക്കും.
മരുന്ന് നിര്‍മ്മാണ കമ്പനികളുമായി നേരത്തെ ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ചര്‍ച്ച നടത്തിയിരുന്നു. ഇനിയും ചര്‍ച്ച തുടരും. കാന്‍സര്‍ അടക്കമുള്ള രോഗങ്ങളുടെ മരുന്നുകള്‍ക്ക് വന്‍ വില കമ്പനികള്‍ ഈടാക്കുന്നതായി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്. അവശ്യമരുന്നുകളുടെ പട്ടിക പരിഷ്‌കരിക്കുന്നതും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
മരുന്നുകളുടെ വില കുറയ്ക്കാനുള്ള ഒന്നിലധികം നിര്‍ദേശങ്ങള്‍ സര്‍ക്കാരിന്റെ പക്കലുണ്ട്. ഇത് കേന്ദ്രസര്‍ക്കാര്‍ മരുന്നു കമ്പനികള്‍ക്കു മുന്നില്‍ വയ്ക്കും. തുടര്‍ന്ന് വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും. ഇപ്രകാരം വിവിധ മരുന്നുകള്‍ക്ക് എഴുപത് ശതമാനംവരെ വിലകുറയുമെന്നാണ് കരുതുന്നത്. വിലക്കുറവ് നിലവില്‍വരുന്നതോടെ രാജ്യത്തെ ലക്ഷക്കണക്കിനുവരുന്ന രോഗികള്‍ക്ക് ആശ്വാസമാകും.