അഫ്രീന്റെ വീട് തകര്‍ത്തത് അയല്‍ക്കാരുടെ പരാതിയിലെന്ന് സര്‍ക്കാര്‍; വ്യാജമെന്ന് നാട്ടുകാര്‍
വീട് പൊല്‍ച്ചതിനെതിരേ ജാവേദിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതി മുമ്പാകെ ഇക്കാര്യം അറിയിച്ചത്.
ലഖ്‌നൗ: അനധികൃത നിര്‍മാണമാണെന്ന് ചൂണ്ടിക്കാട്ടി അയല്‍ക്കാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ജാവേദ് മുഹമ്മദിന്റെ വീട് പൊളിച്ചു മാറ്റിയതെന്ന് യുപി സര്‍ക്കാര്‍. വീട് പൊല്‍ച്ചതിനെതിരേ ജാവേദിന്റെ ഭാര്യ സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയാണ് യുപി സര്‍ക്കാര്‍ അലഹാബാദ് ഹൈക്കോടതി മുമ്പാകെ ഇക്കാര്യം അറിയിച്ചത്.
അനധികൃത നിര്‍മ്മാണം', അതിന്റെ 'ദുരുപയോഗം' എന്നിവ സംബന്ധിച്ച് അയല്‍ക്കാരുടെയും നാട്ടുകാരുടെയും പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചത്.
അലഹാബാദിലെ കരേലി ഏരിയയിലെ 39ഇ/2അ/1 എന്ന കെട്ടിടം 'ജാവേദ് മുഹമ്മദ് കൈവശം വച്ചിരുന്നതായി നെയിംപ്ലേറ്റില്‍ നിന്ന് വ്യക്തമാണ്. ജാവേദ് എം' എന്ന് എഴുതിയ ബോര്‍ഡ് കെട്ടിടത്തിന്റെ ഭിത്തിയില്‍ സ്ഥാപിച്ചു, അതിര്‍ത്തി മതിലിന് മുകളില്‍ 'വെല്‍ഫെയര്‍ പാര്‍ട്ടി ഓഫ് ഇന്ത്യ' എന്ന് കാണിക്കുന്ന ഒരു സൈന്‍ബോര്‍ഡും ഉണ്ടായിരുന്നുവെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് അലഹാബാദ് ഡെവലപ്‌മെന്റ് അതോറിറ്റി (പിഡിഎ) തന്റെ വീട് തകര്‍ത്തതെന്നാണ് ജാവേദ് മുഹമ്മദിന്റെ ഭാര്യ പര്‍വീണ്‍ ഫാത്തിമ ഹരിജിയില്‍ ചൂണ്ടിക്കാട്ടിയത്.വീടിന്റെ ഉടമ താനാണെന്നും ഇത് നിര്‍മിച്ച സ്ഥലം തന്റെ പിതാവ് തനിക്ക് സമ്മാനിച്ചതാണെന്നും ഹര്‍ജിയില്‍ പറയുന്നു. വൈദ്യുതി ബില്ലും വീട്ടുനികുതിയും ജലനികുതിയും പര്‍വീണ്‍ ഫാത്തിമയുടെ പേരിലാണ് അടക്കുന്നത്. ജാവേദ് മുഹമ്മദ് ഭര്‍ത്താവാണ്. പക്ഷേ അദ്ദേഹത്തിന് വീടിന്റെ മേല്‍ അവകാശമില്ലെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
അതേസമയം സര്‍ക്കാര്‍ വാദം അന്വേഷിക്കാന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് സംഘം കരേലി ഏരിയയിലെ ജെ കെ ആഷിയാന കോളനിയിലെ മൊഹല്ല സന്ദര്‍ശിക്കുകയും തകര്‍ന്ന വീടിന്റെ 400 മീറ്റര്‍ ചുറ്റളവിലുള്ള 30 താമസക്കാരോട് പരാതി സംബന്ധിച്ച് ആരാഞ്ഞപ്പോള്‍ തങ്ങള്‍ക്ക് അതിനെക്കുറിച്ച് അറിയില്ലെന്നാണ് ഭൂരിപക്ഷം പേരും മറുപടി നല്‍കിയത്. ആരും ഇങ്ങനെ ഒരു പരാതി നല്‍കിയതായി കേട്ടിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
അലഹാബാദില്‍ പ്രവാചക നിന്ദക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചെന്നാരോപിച്ച് കഴിഞ്ഞ മാസമാണ് യുപി സര്‍ക്കാര്‍ വെല്‍ഫെയര്‍ പാര്‍ട്ടി ദേശീയ നേതാവ് ജാവേദ് മുഹമ്മദിന്റെയും മകളും സ്റ്റുഡന്റ് ആക്റ്റിവിസ്റ്റുമായ അഫ്രീന്‍ ഫാത്തിമയുടെയും വീട് ഇടിച്ചുനിരത്തിയത്.