ഗ്രഹാം സ്‌റ്റെയ്ന്‍സ് കൊലക്കേസ്: പ്രതിയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ വിട്ടയച്ച് ഒഡീഷ സര്‍ക്കാര്‍, ജയ് ശ്രീ റാം വിളിച്ച് സ്വീകരണം

Update: 2025-04-17 03:07 GMT
ഗ്രഹാം സ്‌റ്റെയ്ന്‍സ് കൊലക്കേസ്: പ്രതിയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകനെ വിട്ടയച്ച് ഒഡീഷ സര്‍ക്കാര്‍, ജയ് ശ്രീ റാം വിളിച്ച് സ്വീകരണം

കട്ടക്ക്: ആസ്‌ത്രേലിയന്‍ മിഷണറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ പ്രതികളില്‍ ഒരാളായ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനെ ജയിലില്‍ നിന്നും വിട്ടയച്ചു. ജയിലില്‍ നല്ല പെരുമാറ്റമായിരുന്നു എന്നു പറഞ്ഞാണ് പ്രതിയായ മഹേന്ദ്ര ഹെബ്‌രാമിനെ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വിട്ടയച്ചിരിക്കുന്നത്. പുറത്തിറങ്ങിയ ഇയാളെ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ജയ് ശ്രീ റാം മുദ്രാവാക്യങ്ങളോടെ മാലയിട്ടു സ്വീകരിച്ചു.

1999 ജനുവരി 22നാണ് ഒഡീഷയിലെ കിയോഞ്ജര്‍ ജില്ലയിലെ മനോഹര്‍പൂര്‍ ഗ്രാമത്തില്‍, ധാരാ സിങ് എന്ന ബജ്‌റംഗ് ദള്‍ നേതാവിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വസംഘം ഗ്രഹാം സ്‌റ്റെയിന്‍സും ആണ്‍മക്കളായ ഫിലിപ്പ് (10), തിമോത്തി (6) എന്നിവരും ഉറങ്ങിക്കിടന്ന വാഹനത്തിന് തീയിട്ടത്. കേസില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും താന്‍ മാത്രമാണ് കൊല നടത്തിയതെന്നുമാണ് മഹേന്ദ്ര ഹെബ്‌രാം വാദിച്ചിരുന്നത്. എന്നാല്‍, 2003ല്‍ സിബിഐ കോടതി ധാരാ സിങിന് വധശിക്ഷ വിധിച്ചു. മഹേന്ദ്ര ഹെബ്‌രാമിനെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചത്. ഈ വിധി ഹൈക്കോടതിയും സുപ്രിംകോടതിയും ശരിവച്ചു.

വധശിക്ഷയില്‍ ഇളവ് നല്‍കിയ ധാരാ സിങിനെ ജയിലില്‍ നിന്നും വിട്ടയക്കുന്ന കാര്യത്തില്‍ ആറ് ആഴ്ച്ചക്കകം തീരുമാനമെടുക്കാന്‍ മാര്‍ച്ച് ഒമ്പതിന് സുപ്രിംകോടതി ഒഡീഷ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

1999ലെ കൊലപാതകത്തില്‍ തന്നെ ജീവപര്യന്തം തടവിനാണ് ശിക്ഷിച്ചിരിക്കുന്നതെന്നും താന്‍ 24 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ചു കഴിഞ്ഞെന്നും തുറന്നുവിടണമെന്നുമാണ് ധാരാ സിങിന്റെ(61) ആവശ്യം. താന്‍ കര്‍മ തത്ത്വചിന്തയില്‍ വിശ്വസിക്കുന്നുവെന്നും തന്റെ പ്രവൃത്തികള്‍ മൂലമുണ്ടായ മുറിവുകള്‍ ഉണക്കാന്‍ മോചനം ആഗ്രഹിക്കുന്നുവെന്നും ധാരാസിങ് വാദിച്ചിരുന്നു. ഉത്തര്‍പ്രദേശിലെ സംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്്, മഥുര ഈദ്ഗാഹ് മസ്ജിദ് അടക്കം നിരവധി പള്ളികള്‍ പൊളിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ കോടതികളില്‍ വ്യക്തിപരമായി ഹരജികളും അന്യായങ്ങളും നല്‍കിയിട്ടുള്ള അഡ്വ.ഹരി ശങ്കര്‍ ജെയ്‌നും അഡ്വ. വിഷ്ണു ശങ്കര്‍ ജെയ്‌നുമാണ് ധാരാ സിങിന് വേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.

ക്രിസ്ത്യന്‍ പാതിരിയായ ഓല്‍ ദോസിനെയും കന്നുകാലി കച്ചവടക്കാരനായ റഹ്മാനെയും കൊലപ്പെടുത്തിയ കേസിലും രവീന്ദ്ര പാല്‍ സിങ് എന്ന ധാരാ സിങ് പ്രതിയായിരുന്നു. ഗ്രഹാം സ്‌റ്റെയിന്‍സ് കേസില്‍ കുറ്റാരോപിതരും ശിക്ഷിക്കപ്പെട്ടവരുമായ പലരും ബജ്‌റംഗ് ദളുമായി ബന്ധപ്പെട്ടവരായിരുന്നു. 2019ല്‍ നരേന്ദ്ര മോദി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത പ്രതാപ് ചന്ദ്ര സാരംഗി, സ്‌റ്റെയിന്‍സ് കുടുംബത്തിന്റെ കൊലപാതക സമയത്ത് ബജ്‌റംഗ് ദളിന്റെ ഒഡീഷ കണ്‍വീനറായിരുന്നു.

സ്‌റ്റെയിന്‍സ് കുടുംബത്തിന്റെ കൊലപാതകത്തില്‍ ദുഖമില്ലെന്നാണ് 2000ല്‍ ബാരിപാഡ ജയിലില്‍ കിടന്ന് ഇന്ത്യാടുഡേക്ക് നല്‍കിയ അഭിമുഖത്തില്‍ ധാരാ സിങ് പറഞ്ഞത്. ''എനിക്ക് ഖേദമില്ല. ഞാന്‍ ഒരിക്കലും ഖേദിക്കില്ല.....ഹിന്ദുക്കള്‍ മരിക്കുമ്പോള്‍ മറ്റുള്ളവര്‍ കരയുന്നില്ല. മറ്റുള്ളവര്‍ മരിക്കുമ്പോള്‍ നമ്മള്‍ എന്തിന് കരയണം? സംഭവിച്ചത് ശരിയാണ്. സംഭവിക്കുന്നതും ശരിയാകും. ജയിലില്‍ നിന്നിറങ്ങിയാല്‍ ചെയ്തുകൊണ്ടിരുന്ന കാര്യങ്ങളിലേക്ക് മടങ്ങും. പശുക്കശാപ്പ്, മതപരിവര്‍ത്തനം എന്നിവയെ എതിര്‍ക്കും.'' ധാരാ സിങ് പറഞ്ഞു.

Similar News