ഗുജറാത്തില്‍ 'ലൗ ജിഹാദ്' ആരോപണവുമായി സംഘപരിവാരം; കേസെടുക്കാനാവില്ലെന്ന് പോലിസ്
. 'അവര്‍ മുതിര്‍ന്നവരാണ്, അവര്‍ പരസ്പരം സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചു. അവരുടെ നിക്കാഹ് മുംബൈയില്‍ വച്ച് നടന്നു. അതിനാല്‍ ഗുജറാത്തിലെ നിലവിലുള്ള നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുക്കാനാവില്ല.
ന്യൂഡല്‍ഹി: ഗുജറാത്തിലെ വഡോദരയില്‍ മിശ്ര വിവാഹിതര്‍ക്കെതിരേ 'ലൗ ജിഹാദ്' ആരോപണവുമായി സംഘപരിവാരം. കരേലിബാഗ് പോലിസ് സ്‌റ്റേഷന് മുന്നില്‍ സംഘടിച്ചെത്തിയ ഹിന്ദുത്വരെ പോലിസ് തടഞ്ഞു. ഹിന്ദു യുവതിയെ മുസ് ലിം യുവാവ് പ്രണയിച്ച് വിവാഹം കഴിച്ചതോടെയാണ് സംഘപരിവാരം 'ലൗ ജിഹാദ്' ആരോപണവുമായി രംഗത്തെത്തിയത്. ബുധനാഴ്ച്ച രാത്രിയായിരുന്നു സംഭവം.
ഇരുപത് വയസ്സായ യുവാവും യുവതിയും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുംബൈയിലെ ബാന്ദ്രയിലേക്ക് ഒളിച്ചോടുകയും അവിടെ വച്ച് 'നിക്കാഹ് നാമ' രജിസ്റ്റര്‍ ചെയ്തതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വിവാഹത്തിന് പ്രേരിപ്പിച്ചതായും മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചതായും ആരോപിച്ച് യുവാവിനെതിരേ യുവതിയുടെ ബന്ധുക്കളും തീവ്ര ഹിന്ദുത്വ കക്ഷികളും രംഗത്ത് വരികയായിരുന്നു.
അതേസമയം, വിവാഹം നിയമപരമായി സാധുതയുള്ളതാണെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും കരേലിബാഗ് പോലിസ് സ്‌റ്റേഷനിലെ സിഐ ജഡേജ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'അവര്‍ മുതിര്‍ന്നവരാണ്, അവര്‍ പരസ്പരം സമ്മതത്തോടെയാണ് വിവാഹം കഴിച്ചതെന്ന് ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. പെണ്‍കുട്ടി ഇസ്‌ലാം മതം സ്വീകരിച്ചു. അവരുടെ നിക്കാഹ് മുംബൈയില്‍ വച്ച് നടന്നു. അതിനാല്‍ ഗുജറാത്തിലെ നിലവിലുള്ള നിയമപ്രകാരം അവര്‍ക്കെതിരേ കേസെടുക്കാനാവില്ല. ഗുജറാത്തില്‍ മിശ്ര വിവാഹത്തിന് നിയമപരമായ തടസ്സങ്ങളുണ്ട്. അവര്‍ ഇവിടെ വിവാഹം കഴിച്ചിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് കേസെടുക്കാമായിരുന്നു. എന്നാല്‍, മഹാരാഷ്ട്രയിലാണ് ദമ്പതികള്‍ വിവാഹം രജിസ്റ്റര്‍ ചെയ്തത്. മഹാരാഷ്ട്രയില്‍ അത്തരമൊരു നിയമമില്ല. പോലിസ് പറഞ്ഞു.
അതേസമയം, ഹിന്ദുത്വ ഭീഷണിയെ തുടര്‍ന്ന് പോലിസ് പെണ്‍കുട്ടിയെ കുടുംബത്തോടൊപ്പം അയച്ചു. ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പോലിസ് നടപടി.
'ദമ്പതികള്‍ ഗുജറാത്തില്‍ തിരിച്ചെത്തി യുവാവിന്റെ വീട്ടില്‍ താമസിച്ചുവെങ്കിലും അയല്‍വാസികളുടെ പ്രതിഷേധം ഭയന്ന് പോലിസ് സഹായം തേടി. ഞങ്ങള്‍ രണ്ട് കുടുംബങ്ങളെയും കൗണ്‍സിലിംഗിനായി വിളിച്ചു. ദമ്പതികള്‍ അവരുടെ തീരുമാനത്തില്‍ ഉറച്ച് നിന്നെങ്കിലും പെണ്‍കുട്ടിയുടെ കുടുംബം എതിര്‍ക്കുകയായിരുന്നു'.
'ചര്‍ച്ചക്കിടെ തങ്ങളുടെ മകന് ഉപദ്രവമുണ്ടാക്കുമോ എന്ന് യുവാവിന്റെ കുടുംബം ആശങ്ക പ്രകടിപ്പിച്ചു. അതിനാല്‍, പ്രശ്‌നം ശാന്തമായി പരിഹരിക്കാന്‍ നാല് ദിവസം സമയം ചോദിക്കുകയായിരുന്നു. വീടുകള്‍ക്കുള്ളില്‍ പ്രശ്‌നം പരിഹരിക്കാനാകുമോയെന്നറിയാന്‍ അതത് കുടുംബങ്ങളോടൊപ്പം പോകാന്‍ ഞങ്ങള്‍ ദമ്പതികളെ ഉപദേശിച്ചു'. പോലിസ് കൂട്ടിച്ചേര്‍ത്തു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മിശ്ര വിവാഹത്തിനെതിരേ സംഘപരിവാരം ശക്തമായ പ്രചാരണമാണ് നടത്തുന്നത്. ഉത്തര്‍പ്രദേശ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ മിശ്ര വിവാഹത്തിനെതിരേ നിയമങ്ങളും ശക്തമാക്കി. 'ലൗ ജിഹാദ്' പ്രചാരണം നടത്തിയാണ് ബിജെപി വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിക്കുന്നത്. ഉത്തര്‍പ്രദേശിലും മുസ് ലിം യുവാക്കള്‍ക്കെതിരേ 'ലൗ ജിഹാദ്' ആരോപിച്ച് കേസെടുത്തിരുന്നു.