വ്യാജ വീഡിയോയിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; ജിഗ്‌നേഷ് മെവാനിക്കെതിരേ കേസ്
പോലിസ് യാതൊരു വിശദീകരണവും തേടാതെയാണ് കേസെടുത്തതെന്നും ഇതിനു പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളുണ്ടോയെന്നു സംശയിക്കുന്നതായും ജിഗ്‌നേഷ് മെവാനി പറഞ്ഞു
സൂറത്ത്: വ്യാജ വീഡിയോ ഉപയോഗിച്ച് ട്വിറ്ററിലൂടെ സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ച് ഗുജറാത്തിലെ സ്വതന്ത്ര എംഎല്‍എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മെവാനിക്കെതിരേ പോലിസ് കേസെടുത്തു. വല്‍സാദിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ആര്‍എം ആന്റ് വിഎം ദേശായ് സാര്‍വജനിക് വിദ്യാലയ് പ്രിന്‍സിപ്പല്‍ ബിജാല്‍ പട്ടേലിന്റെ പരാതിയിലാണ് നടപടി. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലുള്ള വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നായിരുന്നു പരാതി. ഒരുകൂട്ടം വിദ്യാര്‍ഥികളെ അര്‍ധനഗ്‌നരാക്കി ക്രൂരമായി മര്‍ദ്ദിക്കുന്നയാളുടെ വീഡിയോ ഇക്കഴിഞ്ഞ മെയ് 20ന് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ജിഗ്നേഷ് മെവാനി ഷെയര്‍ ചെയ്തിരുന്നു. ആര്‍എം ആന്റ് വിഎം സ്‌കൂള്‍ അധ്യാപകന്റെ ക്രൂരമര്‍ദ്ദനം എന്ന അടിക്കുറിപ്പോടെയാണ് മെവാനി വീഡിയോ ഷെയര്‍ ചെയ്തത്. വീഡിയോ എല്ലാവരും പ്രചരിപ്പിക്കണമെന്നും സ്‌കൂള്‍ പൂട്ടിക്കണമെന്നും ആവശ്യപ്പെട്ടുള്ള ട്വീറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിരുന്നു. എന്നാല്‍ വീഡിയോ വ്യാജമാണെന്നും ഗുജറാത്തിലെ സ്‌കൂളല്ലെന്നും സിറിയയിലാണെന്നും കാണിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ ചിലര്‍ രംഗത്തെത്തിയതോടെ മെവാനി തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് പോസ്റ്റ് നീക്കം ചെയ്തിരുന്നു. എന്നാല്‍, ആര്‍എം ആന്റ് വിഎം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ബിജാല്‍ പാട്ടീല്‍ ജിഗ്‌നേഷ് മെവാനിക്കെതിരേ പോലിസില്‍ പരാതി നല്‍കുകയായിരുന്നു. വീഡിയോ വ്യാജമാണെന്നും ഇത്തരം സംഭവം സ്‌കൂളില്‍ ഇതുവരെ നടന്നിട്ടില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. സ്‌കൂളിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച മേവാനിക്കെതിരേ കര്‍ശന നടപടി വേണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത കാര്യം ഗുജറാത്ത് നിയമസഭാ സ്പീക്കറെ പോലിസ് അറിയിച്ചിട്ടുണ്ട്.
അതേസമയം, ട്വിറ്ററിലൂടെ പ്രധാനമന്ത്രിയുടെ ഓഫിസിനോട് ഞാന്‍ എന്താണ് സത്യം എന്ന് ചോദിക്കുകയായിരുന്നുവെന്നും സ്‌കൂള്‍ അധികൃതര്‍ക്ക് വിഷമമുണ്ടായെങ്കില്‍ ആയിരം തവണ മാപ്പ് പറയാന്‍ തയ്യാറാണെന്നും മെവാനി ട്വിറ്ററിലൂടെ പ്രസ്താവിച്ചു. പോലിസ് യാതൊരു വിശദീകരണവും തേടാതെയാണ് കേസെടുത്തതെന്നും ഇതിനു പിന്നില്‍ മറ്റു ചില താല്‍പര്യങ്ങളുണ്ടോയെന്നു സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നടുറോഡില്‍ സ്ത്രീയെ ചവിട്ടിയ എംഎല്‍എയ്‌ക്കെതിരേ ഒരു എഫ്‌ഐആറും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മെവാനിക്കെതിരേ അന്വേഷണം തുടങ്ങിയതായും കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ തുടര്‍നടപടിയെടുക്കുമെന്നും വല്‍സാദ് എംപി സുനില്‍ ജോഷി പറഞ്ഞു.