മഹ്മൂദ് ഗസ്‌നവിയെ പ്രകീര്‍ത്തിച്ച് വീഡിയോ; ഗുജറാത്തില്‍ മുസ്‌ലിം യുവാവ് അറസ്റ്റില്‍
സോംനാഥ് ട്രസ്റ്റ് ജനറല്‍ മാനേജര്‍ വിജയ്‌സിങ് ചാവ്ദയുടെ പരാതിയില്‍ ഇര്‍ഷാദ് റാഷിദ് എന്ന യുവാവാണ് അറസ്റ്റിലായത്.
സോംനാഥ് ട്രസ്റ്റ് ജനറല്‍ മാനേജര്‍ വിജയ്‌സിങ് ചാവ്ദയുടെ പരാതിയില്‍ ഇര്‍ഷാദ് റാഷിദ് എന്ന യുവാവാണ് അറസ്റ്റിലായത്. ഹരിയാനയിലെ പാനിപ്പത്തില്‍നിന്നാണ് ഗുജറാത്തിലെ സോമനാഥ് ജില്ലയിലെ ഗിറില്‍ നിന്നുള്ള പോലിസ് സംഘം ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വര്‍ഷം റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയയുടെ പേരിലാണ് ഇര്‍ഷാദ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 153 (എ), 295 (എ) വകുപ്പുകളാണ് ഇര്‍ഷാദിനെ ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ചിത്രീകരിച്ചതും എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതുമായ വീഡിയോയില്‍, മഹമൂദ് ഗസ്‌നവിയും ബിന്‍ കാസിമും സോമനാഥ് ക്ഷേത്രം കീഴടക്കിയതെങ്ങനെയെന്ന് റാഷിദ് സ്മരിക്കുന്നു. വീഡിയോയില്‍ 'മഹത്വമുള്ള' ചരിത്രം വായിക്കാന്‍ റാഷിദ് മുസ്‌ലിംകളോട് അഭ്യര്‍ഥിക്കുന്നുണ്ട്. തങ്ങളുടെ പൂര്‍വ്വീകരുടെ പ്രവര്‍ത്തിയില്‍ മുസ് ലിംകള്‍ അഭിമാനം കൊള്ളണമെന്നും 'ഇന്ന് അവരെ കൊള്ളക്കാര്‍ എന്ന് വിളിച്ചാലും അവര്‍ വെറും ഭരണാധികാരികളും ഇസ്ലാമിനെ പ്രോത്സാഹിപ്പിച്ചവരുമാണെന്നാണ് ചരിത്രം കാണിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
ക്ഷേത്രത്തില്‍ നിന്ന് 1.5 കിലോമീറ്റര്‍ അകലെയുള്ള കടല്‍ത്തീരത്ത് നിന്ന ചിത്രീകരിച്ച സെല്‍ഫി വീഡിയോയിലാണ് റാഷിദ് ഇക്കാര്യം പറയുന്നത്.