ഗുജറാത്ത്: ഹിന്ദുത്വ ഭീകരതയുടെ ചോര മണക്കുന്ന ഇരുപതാണ്ട്..

വംശ വെറിയുടെ ആര്‍എസ്എസ് ശൂലങ്ങള്‍ ഉദരാവസ്ഥയിലെ കുഞ്ഞുങ്ങളുടെ പോലും നെഞ്ചു പിളര്‍ന്ന ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂര കൃത്യങ്ങള്‍. മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന് ഉന്‍മാദ നൃത്തം ചെയ്ത മോദി, അമിത്ഷാ അനുയായികളുടെ മൃഗയാ വിനോദങ്ങള്‍. 2002 ഫെബ്രുവരി 28ന് ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ആഹ്വാനം ചെയ്ത ഹര്‍ത്താലോടെയാണ് ഗുജറാത്ത് കുരുതിക്കളമായത്.

Update: 2022-02-28 04:57 GMT

പി സി അബ്ദുല്ല

കോഴിക്കോട്: ഹിന്ദുത്വ ഭീകരത അതിന്റെ എല്ലാ പൈശാചികതകളും മുസ്‌ലിംകള്‍ക്കുമേല്‍ പ്രയോഗിച്ച ഗുജറാത്ത് വംശഹത്യക്ക് ഇന്ന് ഇരുപതാണ്ട്. വംശ വെറിയുടെ ആര്‍എസ്എസ് ശൂലങ്ങള്‍ ഉദരാവസ്ഥയിലെ കുഞ്ഞുങ്ങളുടെ പോലും നെഞ്ചു പിളര്‍ന്ന ചരിത്രത്തില്‍ സമാനതകളില്ലാത്ത ക്രൂര കൃത്യങ്ങള്‍. മുസ്ലിംകളെ ജീവനോടെ ചുട്ടുകൊന്ന് ഉന്‍മാദ നൃത്തം ചെയ്ത മോദി, അമിത്ഷാ അനുയായികളുടെ മൃഗയാ വിനോദങ്ങള്‍. 2002 ഫെബ്രുവരി 28ന് ആര്‍എസ്എസും വിശ്വഹിന്ദു പരിഷത്തും ആഹ്വാനം ചെയ്ത ഹര്‍ത്താലോടെയാണ് ഗുജറാത്ത് കുരുതിക്കളമായത്.

ഫെബ്രുവരി 27ന് അയോധ്യയില്‍ നിന്ന് കര്‍സേവകരുമായി എത്തിയ സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനില്‍ മുസ്‌ലിംകള്‍ തീയിട്ടു എന്ന പെരുംനുണയില്‍ നിന്നാണ് ഹിന്ദുത്വ ഭീകരര്‍ തീര്‍ത്തും ഏക പക്ഷീയമായ മുസ്‌ലിം കൂട്ടക്കൊലകള്‍ നടപ്പാക്കിയത്.

ഫെബ്രുവരി 27ന് രാവിലെ 7.43 നാണ് കര്‍സേവകരുമായി സബര്‍മതി എക്‌സ്പ്രസ് ഗോധ്ര റെയില്‍വേസ്‌റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ചത്. അഞ്ചുമണിക്കൂര്‍ വൈകിയെത്തിയ തീവണ്ടിയുടെ ചൂളംവിളി അടുത്ത മണിക്കൂറുകളില്‍ ഗുജറാത്തില്‍ പടരാനിരിക്കുന്ന കൂട്ട മരണത്തിന്റെ കൊലവിളിയായിരുന്നു.

സബര്‍മതി എക്‌സ്പ്രസിന്റെ എസ് 6 ബോഗിയില്‍ ആളിപ്പടര്‍ന്ന തീ ഒരു വംശത്തെ മുഴുവന്‍ ഇല്ലായ്മചെയ്യുന്ന കൊടും ഭീകരതയിലേക്ക് ആളിപ്പടര്‍ന്നു. 'ഏതു ക്രിയയ്ക്കും പ്രതിക്രിയയുമുണ്ടാവു'മെന്ന നരേന്ദ്രമോദിയുടെ ആക്രോശം അക്രമികള്‍ക്ക് ആവേശമായി.

വിശ്വഹിന്ദു പരിഷത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താലിന്റെ മറവില്‍ രാജ്യത്തെ നടുക്കിയ അതിക്രമങ്ങളാണ് അടുത്ത ദിനങ്ങളില്‍ ഗുജറാത്തില്‍ അരങ്ങേറിയത്. അഹമ്മദാബാദിലെ നരോദപാട്യയില്‍ അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്‌ലിം വിഭാഗത്തിന് നേരെ ആക്രമണം അഴിച്ചു വിട്ടു. നിരവധി പേരെ കൊന്നൊടുക്കി. 1200 മുസ്‌ലിംകള്‍ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ അവിടെ മാത്രം കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. അനൗദ്യോഗിക കണക്കുകളില്‍ ഇത് അതിന്റെ എത്രയോ ഇരട്ടിയാണ്.

ഗുജറാത്തിലെ 25 ജില്ലകളില്‍ 19ഉം ദിവസങ്ങള്‍ക്കകം കത്തിയെരിഞ്ഞു. മുസ്‌ലിംകളുടെ പെരും പട്ടടകള്‍. സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 2500 ഓളം പച്ച ജീവനുകള്‍ നിലവിളികളായി ഒടുങ്ങി. ലോഡ് കണക്കിനു ഗ്യാസ് സിലിണ്ടറുകളും മൃതദേഹങ്ങള്‍ ചാരമാക്കാന്‍ ഉപയോഗിച്ച വെളുത്ത പൊടിയും ഗൂഢാലോചനയുടെ ആഴം വ്യക്തമാക്കി. ബെസ്റ്റ് ബേക്കറി ഒഴികെ കലാപത്തിലെ മിക്ക സംഭവങ്ങളും നടന്നതു പകല്‍വെളിച്ചത്തിലായിരുന്നു മാനം പിച്ചിച്ചീന്തിയ ശേഷം ക്രൂരമായി കൊല്ലുകയെന്നതായിരുന്നു ഗുജറാത്ത് ഹിന്ദുത്വ ഭീകരതയുടെ രീതി. എത്ര പേര്‍ കൊല്ലപ്പെട്ടു എന്നത് ഇനിയും വ്യക്തതയില്ലാത്ത കണക്ക്. മുസ്ലിംകളുടെ 1,200ല്‍ അധികം ഹൈവേ ഹോട്ടലുകള്‍, 23,000 വീടുകള്‍, 350 വന്‍കിട വ്യാപാരസ്ഥാപനങ്ങള്‍, 12,000 തെരുവുകച്ചവടശാലകള്‍ തിരഞ്ഞുപിടിച്ചു നശിപ്പിക്കപ്പെട്ടു.

270 ഓളം മസ്ജിദുകളും ഒട്ടേറെ ദര്‍ഗകളും ചാരമായി. കോണ്‍ഗ്രസിന്റെ എംപിയായിരുന്ന ഇസ്ഹാന്‍ ജഫ്രി ഉള്‍പ്പെടയുളളവര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. ഹിന്ദുത്വ പൈശാചികതയുടെ അഗ്‌നി കുണ്ഠങ്ങളിലേക്ക് തിരോഭവിക്കപ്പെട്ടു പോയ ഒരു സമുദായം ഇപ്പോഴും ഇവിടെ ചോദ്യ ചിഹ്നമാണ്. കാണാതായവരെ കാത്തിരിക്കുന്ന ഉറ്റവര്‍, വിധവകള്‍, രക്ഷിതാക്കള്‍ നഷ്ടപ്പെട്ട മക്കള്‍ എന്നിവരെല്ലാം ഇന്നും ഗുജറാത്തിന്റെ നോവാണ്.

അശോക് മോചി എന്ന ചെരുപ്പ് കുത്തിയായ ഹിന്ദുത്വ ഭീകരനു മുന്‍പില്‍ സ്വന്തം ജീവനായി കൈകൂപ്പി നിന്ന കുതുബുദ്ധീന്‍ അന്‍സാരി ആക്രമണോത്സുക ഭൂരിപക്ഷ വര്‍ഗ്ഗീയതക്കു മുന്‍പില്‍ അതിജീവനത്തിനായി കേഴുന്ന ഇന്ത്യന്‍ മുസ്‌ലിംകളുടെ പ്രതീകമാണിന്നും.

2002ല്‍ മുസ്‌ലിംകള്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത് നരേന്ദ്ര മോദിയുടെയും അമിത്ഷായുടെയും താല്‍പര്യ പ്രകാരമായിരുന്നു എന്ന പല വെളിപ്പെടുത്തലുകളും പുറത്തു വന്നു. ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റെ മകള്‍ ആകാശിയടക്കമുള്ളവര്‍ അത് തുറന്നു പറഞ്ഞു. യുഎസ് കോണ്‍ഗ്രസിന്റെ കാശ്മീര്‍ ആന്റ് എന്‍ആര്‍സി ബ്രീഫിങിലാണ് രൂക്ഷവിമര്‍ശനവുമായി ഡോ.ആകാശി സംസാരിച്ചത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മോദി സര്‍ക്കാരിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം നടക്കുന്നതിന് ഇടെയാണ് സഞ്ജീവ് ഭട്ടിന്റെ മകള്‍ ഇക്കാര്യം പറഞ്ഞത്.

അഭിഭാഷകനെ വ്യാജ മയക്കുമരുന്ന് കേസില്‍ കുടുക്കാന്‍ ശ്രമിച്ചു എന്ന കേസില്‍ 2018 സെപ്റ്റംബറില്‍ ഗുജറാത്ത് പോലിസ് അറസ്റ്റ് ചെയ്ത സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി ശിക്ഷിച്ചത് 30 വര്‍ഷം മുമ്പുള്ള കസ്റ്റഡി മരണക്കേസിലാണ്. ഗുജറാത്ത് ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജീവ് ഭട്ട് നിലവില്‍.

2002ലെ വംശഹത്യയില്‍ അന്നത്ത ഗുജറാത്ത് സര്‍ക്കാരിനുള്ള പങ്ക് സംബന്ധിച്ച ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരുന്നു. മറ്റെല്ലാം ഉദ്യോഗസ്ഥരും ഭയന്നോ സ്വാധീനങ്ങള്‍ക്ക് വഴങ്ങിയോ നിശബ്ദരായിരുന്നപ്പോള്‍ മോദിയുടെ പങ്കിനെക്കുറിച്ച് നിര്‍ഭയമായി സംസാരിച്ചത് തന്റെ പിതാവാണ്. അദ്ദേഹം അന്വേഷണ കമ്മീഷന് മുന്നില്‍ സത്യസന്ധമായി കാര്യങ്ങള്‍ പറഞ്ഞുവെന്നും ഡോ. ആകാശി വെളിപ്പെടുത്തി.

2011ല്‍ നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരായ നേരിട്ടുള്ള തെളിവുകള്‍ സഞ്ജീവ് ഭട്ട് സുപ്രിം കോടതിയില്‍ സത്യവാങ്മൂലമായി നല്‍കി. ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ സര്‍ക്കാരിന്റെ പങ്ക്, വ്യാജ ഏറ്റുമുട്ടല്‍ കൊലകള്‍, ആഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം തുടങ്ങിയവ സംബന്ധിച്ച തെളിവുകളാണ് സഞ്ജീവ് ഭട്ട് ഹാജരാക്കിയത്. 2002ലെ വര്‍ഗിയ കലാപത്തില്‍ നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന ആരോപണം തെളിയിക്കുന്ന വിവരങ്ങള്‍ രഹസ്യമായി അന്വേഷണ കമ്മീഷന് മുന്നില്‍ ഹാജരായിരുന്ന ഹരേന്‍ പാണ്ഡ്യ കൈമാറിയിരുന്നു. ഹരേന്‍ പാണ്ഡ്യയെ ഒരു ദിവസം രാവിലെ അദ്ദേഹത്തിന്റെ കാറില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി.

2014 ലോക്‌സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പ്, വര്‍ഗീയ കലാപത്തില്‍ നരേന്ദ്ര മോദിയുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കലാപത്തില്‍ കൊല്ലപ്പെട്ട മുന്‍ എംപി എഹ്‌സാന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി സുപ്രിം കോടതിയെ സമീപിച്ചു.

സഞ്ജീവ് ഭട്ട് മാത്രമാണ് ഈ കേസില്‍ സാക്ഷിയായി ഹാജരായത്. ചോരയിറ്റി വീഴുന്ന ആര്‍എസ്എസിന്റെ ത്രിശൂലത്തേക്കാള്‍ മാരകമാണു ഹിന്ദുത്വത്തിനു വിധേയപ്പെട്ടവ ന്യായാധിപന്‍മാരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും 'ചരിത്ര' കാരന്‍മാരുടെയും പേനകളെന്നും ഗുജറാത്ത് തെളിയിച്ചു.

നരേന്ദ്ര മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ നാനാവതി കമ്മീഷനും മോദി സ്തുതികളില്‍ അഭിരമിക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങളുമൊക്കെ അതിന്റെ ബാക്കി പത്രമാണ്.

Tags:    

Similar News