ആന്ധ്രാപ്രദേശില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു; ആറു പേര്‍ക്ക് പരിക്ക്
ഏലൂര്‍ ജില്ലയില്‍ ഒരു ക്ഷേത്രത്തിന് സമീപമാണ് സംഭവം
ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ ഏലൂര്‍ ജില്ലയില്‍ ഗുണ്ട് പൊട്ടിത്തെറിച്ച് ഒരാള്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റു. ദീപാവലിക്ക് ബൈക്കില്‍ കൊണ്ടുവന്ന ഗുണ്ടുകള്‍ ഒരു ക്ഷേത്രത്തിന് സമീപം വെച്ച് പൊട്ടിത്തെറിക്കുകയായിരുന്നു. ഈ ഗുണ്ടുകള്‍ക്ക് അതിശക്തമായ സ്‌ഫോടകവസ്തുക്കളുടെ സ്വഭാവമുണ്ടോ എന്ന് പോലിസ് പരിശോധിക്കുകയാണ്. സ്‌ഫോടനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നു.
വെള്ള സ്‌കൂട്ടറില്‍ രണ്ട് പേര്‍ ഇടുങ്ങിയ തെരുവിലൂടെ പോവുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഉച്ചയ്ക്ക് 12.17നായിരുന്നു ഇത്. തെരുവ് വീതികൂട്ടി ഒരു പ്രധാന റോഡുമായി ചേരുന്ന സ്ഥലത്തിനടുത്തെത്തുമ്പോള്‍ സ്‌ഫോടനമുണ്ടാവുകയായിരുന്നു. ബൈക്ക് ഓടിച്ചിരുന്നു സുധാകര്‍ തല്‍ക്ഷണം മരിച്ചു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. പോലീസ് അന്വേഷണം ആരംഭിച്ചു.