ഗൂഗിളിന് വന്‍ പിഴയിട്ട് റഷ്യ; $20,000,000,000,000,000,000,000,000,000,000,000 ആണ് പിഴ

റഷ്യന്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിനാണ് പിഴ

Update: 2024-10-31 15:37 GMT

മോസ്‌കോ: സര്‍ക്കാര്‍ അനുകൂല യൂട്യൂബ് ചാനലുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയ ഗൂഗിളിന് വന്‍തുക പിഴയിട്ട് റഷ്യ. 20 ഡിസിലയണ്‍ ഡോളറാണ് പിഴ. അതായത് രണ്ടിന് ശേഷം 34 പൂജ്യങ്ങളുള്ള തുകയാണ് പിഴയെന്ന് റഷ്യയിലെ കോടതി അറിയിച്ചു. ആഗോള സമ്പദ് വ്യവസ്ഥയുടെ മൂല്യം ഈ പിഴയുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറുതാണെന്ന് അമേരിക്കാന്‍ മാധ്യമമായ സിഎന്‍എന്നില്‍ വന്ന റിപോര്‍ട്ട് പറയുന്നു.

2024ല്‍ ആഗോളസമ്പദ് വ്യവസ്ഥയുടെ മൂല്യം 110 ട്രില്യണ്‍ ഡോളറാണെന്നാണ് വേള്‍ഡ് ബാങ്ക് പറയുന്നത്. അതായത്, 1ന് ശേഷം 14 പൂജ്യങ്ങള്‍ മാത്രമാണുള്ളത്. ഗൂഗിളിന്റെ ആകെ മൊത്തം മാര്‍ക്കറ്റ് വാല്യു വെറും രണ്ടു ട്രില്യണ്‍ ഡോളറുമാണ്. ഈ പിഴ ഗൂഗിള്‍ എങ്ങിനെ ഒടുക്കുമെന്നതില്‍ വ്യക്തയില്ല. വിഷയത്തില്‍ പ്രതികരിക്കാന്‍ ഗൂഗിള്‍ അധികൃതര്‍ തയ്യാറായില്ല. കേസ് നടക്കുന്നതിനാല്‍ വിഷയത്തില്‍ പ്രതികരിക്കാനാവില്ലെന്നാണ് നിലപാട്.

2022ല്‍ യുക്രൈനില്‍ റഷ്യ തുടങ്ങിയ പ്രത്യേക സൈനിക നടപടിക്ക് ശേഷമാണ് ചില യൂട്യൂബ് ചാനലുകള്‍ക്ക് ഗൂഗിള്‍ നിരോധനം ഏര്‍പ്പെടുത്തിയത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് നേരെയുള്ള വെല്ലുവിളിയായാണ് റഷ്യ കാണുന്നത്. നിരോധനം നീക്കണമെന്ന് റഷ്യ നേരത്തെ ഗൂഗിളിനോട് ആവശ്യപ്പെട്ടിരുന്നു. ഗൂഗിള്‍ നിരോധനം പിന്‍വലിക്കാത്തതിനെ തുടര്‍ന്നാണ് നിയമനടപടി തുടങ്ങിയത്. തനിക്ക് ഉച്ചരിക്കാന്‍ പോലും കഴിയാത്ത തുകയായി പിഴ സംഖ്യ മാറിയെന്നാണ് റഷ്യന്‍ സര്‍ക്കാര്‍ വക്താവ് ദിമിത്രി പെസ്‌കോവ് കഴിഞ്ഞ ദിവസം പറഞ്ഞത്.



Tags:    

Similar News