ഇസ്രായേലില്‍ ഹരേദി ജൂതന്‍മാരുടെ പ്രതിഷേധം; നിര്‍ബന്ധിത സൈനിക സേവന നിയമം പിന്‍വലിക്കണമെന്നാണ് ആവശ്യം
സൈനികസേവനം നിര്‍ബന്ധമല്ലാത്ത ഹരേദി ജൂതന്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യാനുള്ള നിയമത്തിനെതിരെയാണ് പ്രതിഷേധം.
ജറുസലേം: നിര്‍ബന്ധിത സൈനിക സേവനത്തിനെതിരേ തെല്‍ അവീവില്‍ ഹരേദി ജൂതന്‍മാരുടെ പ്രതിഷേധം. മതപരമായ കാര്യങ്ങളാല്‍ സൈനികസേവനം നിര്‍ബന്ധമല്ലാത്ത ഹരേദി ജൂതന്‍മാരെ പ്രത്യേകം റിക്രൂട്ട് ചെയ്യാനുള്ള നിയമത്തിനെതിരെയാണ് പ്രതിഷേധം. തെല്‍ അവീവിലെ കിര്യത് ഒനോ പ്രദേശത്തെ റിക്രൂട്ട്‌മെന്റ് ഓഫിസിനു മുന്നില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിന് പേര്‍ പങ്കെടുത്തു.
പോലിസുകാരെ നാസികള്‍ എന്നു വിളിച്ച പ്രതിഷേധക്കാര്‍ റോഡുകളും ഉപരോധിച്ചു. നിരവധി പേരെ അറസ്റ്റ് ചെയ്തതായി പോലിസ് അറിയിച്ചു. ഇസ്രായേലിലെ ജൂതന്‍മാരില്‍ 13ശതമാനം വരുന്ന ഹരേദികളുടെ യുദ്ധ വിരുദ്ധ നിലപാട് സര്‍ക്കാരിന് തലവേദനയായിരിക്കുകയാണ്. ഗസയിലും ലെബനാനിലുമെല്ലാം അധിനിവേശം കനത്തതോടെ പുതിയ ആളുകളെ സൈന്യത്തില്‍ ചേര്‍ക്കാനും സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നു. പതിനായിരത്തിലധികം ഇസ്രായേലി സൈനികര്‍ക്കാണ് ഇതുവരെ പരിക്കേറ്റിരിക്കുന്നത്. ആയിരത്തോളം പേര്‍ കൊല്ലപ്പെടുകയും ചെയ്തു.