തളങ്കരയില്‍ തോക്കുകളും വെടിയുണ്ടകളും കണ്ടെത്തി
കാസര്‍കോട് സിറ്റി പോലിസ് അന്വേഷണം തുടങ്ങി
കാസര്‍കോട്: കാസര്‍കോടിനു സമീപം തളങ്കരയില്‍ തോക്കും വെടിയുണ്ടകളും കണ്ടെത്തി. തളങ്കര ഹാഷിം സ്ട്രീറ്റിലെ ഓവുചാലില്‍ നിന്നാണ് ശുചീകരണ തൊഴിലാളികള്‍ രണ്ട് തോക്കുകളും ആറ് വെടിയുണ്ടകളും കണ്ടെത്തിയത്. റെയില്‍വേ സ്‌റ്റേഷന് സമീപത്തെ ഓവുചാലില്‍ ഇവ ഉപേക്ഷിച്ച നിലയിലാണുണ്ടായിരുന്നത്. തോക്കുകള്‍ക്ക് 30 വര്‍ഷത്തിറെ പഴക്കമുണ്ടെന്നാണ് നിഗമനം. സംഭവത്തില്‍ കാസര്‍കോട് സിറ്റി പോലിസ് അന്വേഷണം തുടങ്ങി.
ഇക്കഴിഞ്ഞ ഫെബ്രുവരി 22ന് കൊല്ലം കുളത്തൂപ്പുഴയ്ക്കു സമീപവും കണ്ണൂര്‍ ഇരിട്ടിക്കടുത്തും വെടിയുണ്ട ശേഖരം കണ്ടെത്തിയിരുന്നു. കൊല്ലം കുളത്തുപുഴ മുപ്പതടി പാലത്തിന് സമീപം റോഡരികില്‍നിന്ന് 14 വെടിയുണ്ടകളും ഇരിട്ടി കൂട്ടുപുഴ ചെക് പോസ്റ്റില്‍ കാറില്‍ കടത്തുകയായിരുന്ന 60 വെടിയുണ്ടകളുമാണ് പിടികൂടിയത്. കൂട്ടുപുഴയിലെ സംഭവത്തില്‍ തില്ലങ്കേരി മച്ചൂര്‍ മലയിലെ കെ പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു. കുളത്തുപുഴയിലെ വെടിയുണ്ട ശേഖരം സംബന്ധിച്ച് മിലിട്ടറി ഇന്റലിജന്‍സ് ഉള്‍പ്പെടെയുള്ളവര്‍ അന്വേഷണം നടത്തുന്നുണ്ട്.