ഗ്യാന്‍വ്യാപിയില്‍ സര്‍വേ തുടരാന്‍ അനുമതി നല്‍കി കോടതി; മെയ് 17നകം പൂര്‍ത്തിയാക്കണം, കമ്മീഷണര്‍ക്ക് മാറ്റമില്ല

സര്‍വേയ്ക്കായി നിയോഗിച്ച കമ്മീഷണര്‍ അജയ്കുമാര്‍ മിശ്രയെ മാറ്റണമെന്ന ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി (അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ്) ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

Update: 2022-05-12 11:16 GMT

വരാണസി (യുപി): കാശിവിശ്വാനാഥ ഷേത്രത്തിനോടുചേര്‍ന്നുള്ള ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ തുടരാനും അന്തിമ റിപ്പോര്‍ട്ട് മെയ് 17നകം സമര്‍പ്പിക്കാനും ഉത്തരവിട്ട് വാരണാസി കോടതി. സര്‍വേയ്ക്കായി നിയോഗിച്ച കമ്മീഷണര്‍ അജയ്കുമാര്‍ മിശ്രയെ മാറ്റണമെന്ന ഗ്യാന്‍വാപി മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി (അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ്) ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

അതേസമയം, മിശ്രയെ കൂടാതെ, വിശാല്‍ സിംഗ്, അജയ് സിംഗ് എന്നി രണ്ട് അഭിഭാഷകരെ കൂടി സര്‍വേയുടെ കമ്മീഷണര്‍മാരായി കോടതി നിയമിച്ചു. കോടതി ഉത്തരവനുസരിച്ച്, നാളെ മുതല്‍ മുതല്‍ എല്ലാ ദിവസവും രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ പള്ളിയുടെ സര്‍വേ നടത്താം. ഈ മാസം 17 നകം അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.സര്‍വേ കമ്മിഷന്റെ നടപടികള്‍ തടസ്സപ്പെടുത്താന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും സര്‍വേ നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കോടതി പറഞ്ഞു.

വാരണാസിയിലെ കാശി വിശ്വനാഥ-ഗ്യാന്‍വ്യാപി സമുച്ചയത്തിലെ മാ ശൃംഗര്‍ ഗൗരി സ്ഥലത്തിന്റെ

വീഡിയോഗ്രാഫിക് സര്‍വേയും പരിശോധനയും മെയ് 6, 7 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്നെങ്കിലും മുസ്‌ലിംകള്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയതിനെതുടര്‍ന്ന് പൂര്‍ത്തിയാക്കാനായിരുന്നില്ല.

മസ്ജിദിന്റെ പടിഞ്ഞാറന്‍ ഭിത്തിയില്‍ സ്ഥിതി ചെയ്യുന്ന ചില ദൈവങ്ങളുടെ പ്രതിമകളില്‍ ദിവസേന ആരാധന നടത്താന്‍ കോടതിയുടെ അനുമതി തേടി അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി സര്‍വേ നടത്താന്‍ ഉത്തരവിട്ടത്.

കോടതി ഉത്തരവിട്ട ദൗത്യത്തില്‍ സര്‍വെ കമ്മീഷണറായ മിശ്ര,ഹിന്ദു ഹരജിക്കാര്‍ക്ക് അനുകൂലമാണെന്ന് ചൂണ്ടിക്കാട്ടി കമ്മീഷണറായി മറ്റൊരു അഭിഭാഷകനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടാണ് മസ്ജിദ് മാനേജ്‌മെന്റ് കമ്മിറ്റി കോടതിയെ സമീപിച്ചത്.

മിശ്രയും ഹിന്ദു, മുസ്‌ലിം വിഭാഗങ്ങളെ പ്രതിനിധീകരിക്കുന്ന അഭിഭാഷകരും ശനിയാഴ്ച ഗ്യാന്‍വ്യാപി-ശൃംഗര്‍ ഗൗരി ക്ഷേത്ര സമുച്ചയത്തിലേക്ക് പോയിരുന്നു. കോംപ്ലക്‌സിനുള്ളില്‍ രണ്ടുമണിക്കൂറോളം കാത്തുനിന്നിട്ടും സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കാനാവാതെ ഇവര്‍ക്ക് മടങ്ങേണ്ടി വന്നിരുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഗ്യാന്‍വ്യാപി മസ്ജിദിന് പുറത്തുള്ള സ്ഥലങ്ങളില്‍ സര്‍വേയും വീഡിയോഗ്രഫിയും നടത്താന്‍ വാരണാസി കോടതി ഉത്തരവിട്ടത്. ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയിലെ ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളുടെ ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു വാരാണസി ജില്ലാ കോടതിയുടെ ഉത്തരവ്.

പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ആരോപണം. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള കേസിലാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.

അതേസമയം, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നടക്കുന്ന സര്‍വ്വേകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഇന്‍ഡോ-ഇസ്‌ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐ.ഐ.സി.എഫ്) അറിയിച്ചിട്ടുണ്ട്. ഗ്യാന്‍വാപിയില്‍ നടക്കുന്ന സര്‍വേ 1991ലെ ആരാധനാലയ നിയമത്തിന്റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

Tags:    

Similar News