ഹജ്ജ് ക്യാംപിന് സമാപനം;നെടുമ്പാശേരിയില്‍ നിന്നും പുറപ്പെട്ടത് 7727 തീര്‍ഥാടകര്‍

ഹജ്ജ് തീര്‍ഥാടനത്തിനായി നെടുമ്പാശ്ശേരിയില്‍ നിന്നും 21 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നീ സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നായി 7727 പേരാണ് യാത്രയായത്.സമാപന ദിനമായ ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്

Update: 2022-06-16 11:50 GMT

കൊച്ചി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നെടുമ്പാശേരിയില്‍ നടന്നു വന്ന ഈ വര്‍ഷത്തെ ഹജ്ജ് ക്യാംപിനു സമാപനമായി.ഈ മാസം മൂന്നിനാണ് നെടുമ്പാശേരിയില്‍ ഹജ്ജ് ക്യാംപിന് തുടക്കം കുറിച്ചത്.കൊവിഡ് മഹാമാരിക്കു ശേഷം വിദേശ തീര്‍ഥാടകര്‍ക്കു അനുമതിയുള്ള ആദ്യത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി നെടുമ്പാശ്ശേരിയില്‍ നിന്നും 21 വിമാനങ്ങള്‍ സര്‍വ്വീസ് നടത്തി. കേരളം, തമിഴ്‌നാട്, ലക്ഷദ്വീപ്, പോണ്ടിച്ചേരി, ആന്‍ഡമാന്‍ എന്നീ സംസ്ഥാന ,കേന്ദ്ര ഭരണ പ്രദേശങ്ങളില്‍ നിന്നായി 7727 പേരാണ് യാത്രയായത്.സമാപന ദിനമായ ഇന്ന് മൂന്ന് വിമാനങ്ങളാണ് സര്‍വ്വീസ് നടത്തുന്നത്.ആകെ 7727 തീര്‍ഥാടകരാണ് നെടുമ്പാശ്ശേരി വഴി ഹജ്ജിനു പുറപ്പെട്ടത്. ഇതില്‍ 3070 പേര്‍ പുരുഷന്മാരും 4657 പേര്‍ സ്ത്രീകളുമാണ്.


നെടുമ്പാശ്ശേരി വഴി പുറപ്പെട്ട ആകെ 7727 തീര്‍ഥാടകരില്‍ 5766 പേര്‍ കേരളത്തില്‍ നിന്നുള്ളവരും 1672 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും 143 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരും 103 പേര്‍ ആന്‍ഡമാനില്‍ നിന്നുള്ളവരും 43 പേര്‍ പോണ്ടിച്ചേരിയില്‍ നിന്നുള്ളവരുമാണ്. മദീനയില്‍ എത്തിയ ഹാജിമാരില്‍ നിന്നും മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കിയ സംഘങ്ങള്‍ കഴിഞ്ഞ ദിവസം മുതല്‍ മക്കയില്‍ എത്തിത്തുടങ്ങി.

38 വോളണ്ടിയര്‍മാരാണ് ഇത്തവ ഹാജിമാരോടൊത്ത് യാത്ര പുറപ്പെട്ടിട്ടുള്ളത്. അവസാന വിമാനത്തിലെ തീര്‍ഥാടകര്‍ക്കു ഇന്ന് വൈകുന്നേരം ഹജ്ജ് ക്യാംപില്‍ യാത്രയയപ്പ് നല്‍കി.വൈകുന്നേരം നടന്ന സമാപന യാത്രയയപ്പ് പ്രാര്‍ത്ഥന സംഗമത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി എല്ലാവര്‍ക്കും പ്രത്യേക നന്ദിയും കടപ്പാടും അറിയിച്ചു.സംസ്ഥാന കായിക, വഖഫ്, ഹജ്ജ് തീര്‍ഥാടനം വകുപ്പ് മന്ത്രി വി അബ്ദു റഹ്മാന്‍ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.


അന്‍വര്‍ സാദത്ത് എംഎല്‍എ,ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് ഐ എ എസ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ അഡ്വ. മൊയ്തീന്‍ കുട്ടി, സഫര്‍ കയാല്‍, ഉമര്‍ ഫൈസി മുക്കം, മുഹമ്മദ് ഖാസിം കോയ, ഡോ. ഐ പി അബ്ദു സലാം, മുഹമ്മദ് റാഫി. പി പി, പി. ടി അക്ബര്‍, സിയാല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എ എം ഷബീര്‍, സീനിയര്‍ ഓപ്പറേഷന്‍ മാനേജര്‍ ദിനേശ് കുമാര്‍, മുന്‍ എം എല്‍ എ എ. എം യൂസുഫ്, മുന്‍ ജി സി ഡി എ ചെയര്‍മാന്‍ അഡ്വ. വി. സലീം, സിയാല്‍ എഞ്ചിനീയര്‍ രാജേന്ദ്രന്‍, അസി. സെക്രട്ടറി എന്‍ മുഹമ്മദലി, സെല്‍ ഓഫീസര്‍ എസ്. നജീബ്, സ്‌പെഷല്‍ ഓഫീസര്‍ യു.അബ്ദുല്‍ കരീം,കോര്‍ഡിനേറ്റ്ര്‍ മുഹമ്മദ് അഷ്‌റഫ് പ്രസംഗിച്ചു.

വിവിധ സബ് കമ്മിറ്റി ഭാരവാഹികള്‍ ക്യാംപ് അനുഭവങ്ങള്‍ പങ്കുവെച്ച് സംസാരിച്ചു.മുന്‍ ഹജ്ജ് കമ്മിറ്റി മെമ്പര്‍മാരായ എച്ച്. മുസമ്മില്‍ ഹാജി, എം എസ് അനസ് ഹാജി, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി അംഗങ്ങളായ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹസന്‍ സഖാഫി തറയിട്ടാല്‍, അബ്ദുല്‍ അസീസ് സഖാഫി, മുജീബ് മാസ്റ്റര്‍, മുഹമ്മദ് സഖാഫി, സി.എം അഷ്‌കര്‍, തമിഴ്‌നാട് ഹജ്ജ് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീമുദ്ധീന്‍, കേന്ദ്ര ഹജ്ജ് കമ്മിറ്റി കൊച്ചി എംബാര്‍ക്കേഷന്‍ ഇന്‍ ചാര്‍ജ്ജ് ഷൗകത്ത് അലി, ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Tags:    

Similar News