ഹജ്ജ് കേന്ദ്ര ക്വാട്ട പ്രഖ്യാപിച്ചു; ഈ വര്‍ഷം കേരളത്തില്‍ നിന്ന് 5747 പേര്‍ക്ക് അവസരം

Update: 2022-04-22 15:42 GMT

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ ഹജ്ജിനുള്ള കേന്ദ്ര കമ്മറ്റി ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിന് 5747 പേര്‍ക്ക് ഹജ്ജിന് അവസരം കിട്ടും. ഹജ്ജിന് പോകാന്‍ അപേക്ഷിക്കുന്നവരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപെടുന്നവര്‍ക്ക് അവസരം ലഭിക്കും. ഈ മാസം 26 നും 30 നും ഇടയിലായി നറുക്കെടുപ്പ് നടക്കുമെന്നാണ് അറിയിപ്പ്.

കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് അനുവദിച്ച ക്വാട്ട 56601 ആണ്. ഇതില്‍ 55164 സീറ്റ് വിവിധ സംസ്ഥാനങ്ങള്‍ക്കായി വീതിച്ചു നല്‍കി. അതു പ്രകാരമാണ് കേരളത്തിന് 5747 പേര്‍ക്ക് ഇത്തവണ അവസരം ലഭിച്ചത്. കൂടാതെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് ഒഴിവ് വരുന്ന സീറ്റുകളും കൂടി ലഭിച്ചാല്‍ കേരളത്തില്‍ നിന്നം കൂടുതല്‍ പേര്‍ക്ക് അവസരം ലഭിക്കും. ഇതിനോടകം ലഭിച്ച അര്‍ഹരായ അപേക്ഷകരില്‍ നിന്ന് നറുക്കെടുപ്പിലൂടെ തിരത്തെടുക്കപ്പെടുന്നവര്‍ക്കാണ് ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിക്കുക.

കൊവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് കഴിഞ്ഞ രണ്ട് വര്‍ഷമായി വിദേശ തീര്‍ഥാടകര്‍ക്ക് ഹജ്ജ് കര്‍മ്മത്തിന് സൗദി അറേബ്യ അനുമതി നല്‍കിയിരുന്നില്ല. എന്നാല്‍ കൊവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിലാണ് ഇത്തവണ വിദേശ തീര്‍ഥാടകരെ ഹജ്ജിന് അനുവദിക്കുമെന്ന് സൗദി ഹജ്ജ് മന്ത്രാലയം അറിയിച്ചത്. ആഭ്യന്തര തീര്‍ത്ഥാടകരും വിദേശ തീര്‍ത്ഥാടകരും അടക്കം പത്ത് ലക്ഷം പേര്‍ക്കാണ് ഹജ്ജിന് അനുമതി. 65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഹജ്ജിന് അനുമതി നല്‍കില്ല. രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് മാത്രമേ അനുമതി ഉണ്ടാവൂ എന്നും സൗദി അറേബ്യ അറിയിച്ചിട്ടുണ്ട്. വിദേശ തീര്‍ഥാടകര്‍ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂറിനുള്ളില്‍ എടുത്ത പി സി ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

Tags:    

Similar News