എന്‍ആര്‍സി നടപ്പിലാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ല: മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍
ഭൂമിയോ, ഭൂമിയുടെ രേഖകളോ ഇല്ലാത്തവരാണ് ഛത്തീസ്ഗഡിലെ പകുതിയോളം ആളുകളെന്ന് ഭുപേഷ് ബാഗേല്‍ പറയുന്നു.
റായ്പൂര്‍: എന്‍ആര്‍സി നടപ്പിലാക്കിയാല്‍ ഛത്തീസ്ഗഡിലെ പകുതി ആളുകള്‍ക്കും പൗരത്വം തെളിയിക്കാന്‍ സാധിക്കില്ലെന് മുഖ്യമന്ത്രി ഭുപേഷ് ബാഗേല്‍. ഭൂമിയോ, ഭൂമിയുടെ രേഖകളോ ഇല്ലാത്തവരാണ് ഛത്തീസ്ഗഡിലെ പകുതിയോളം ആളുകളെന്ന് ഭുപേഷ് ബാഗേല്‍ പറയുന്നു. പൂര്‍വ്വികരില്‍ മിക്കവരും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും വന്നിട്ടുള്ള നിരക്ഷരര്‍ ആയതിനാല്‍ രേഖകള്‍ കാണില്ലെന്നും ഭൂപേഷ് ബാഗേല്‍ പറയുന്നു.
റായ്പൂരില്‍ ഒരു ചടങ്ങിനിടെ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 1906 ല്‍ ആഫ്രിക്കയില്‍ ബ്രിട്ടീഷുകാര്‍ നടപ്പിലാക്കിയ തിരിച്ചറിയല്‍ പദ്ധതിയെ മഹാത്മ ഗാന്ധി എതിര്‍ത്തത് പോല എന്‍ആര്‍സിയെ എതിര്‍ക്കണമെന്നും ഭൂപേഷ് ബാഗേല്‍ ആവശ്യപ്പെട്ടു. പൗരത്വം തെളിയിക്കാനായി നോട്ട് നിരോധനകാല എടിഎമ്മിന് മുമ്പില്‍ വരിയില്‍ നിന്നത് പോലെ നില്‍ക്കേണ്ടി വരുമെന്നും ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
2.80 കോടി ജനങ്ങളുണ്ട് ഛത്തീസ്ഗഡില്‍. ഇവരില്‍ പാതിയിലധികം പേര്‍ എന്‍ആര്‍സി അനുസരിച്ച് പൗരത്വം തെളിയിക്കാനാവാതെ പോകുമെന്നും ബാഗേല്‍ പറഞ്ഞു. 50മുതില്‍ 100 വരെ വര്‍ഷം പഴക്കമുള്ള രേഖകള്‍ ഇവര്‍ എവിടെ നിന്ന് കൊണ്ടുവരണമെന്നും ബാഗേല്‍ ചോദിക്കുന്നു. അനാവശ്യമായ ഭാരമാണ് ഇത്‌കൊണ്ട് ജനങ്ങള്‍ക്ക് സഹിക്കേണ്ടി വരികയെന്നും ബാഗേല്‍ പറഞ്ഞു. എന്‍ആര്‍സി പ്രാവര്‍ത്തികമായാല്‍ അതില്‍ ഒപ്പുവക്കാത്ത ആദ്യത്തെ സംസ്ഥാനമാകും ഛത്തീസ്ഗഡെന്നും ബാഗേല്‍ പറഞ്ഞു.