ഹമാസ് പ്രതിനിധി സംഘം റഷ്യയില്‍; ഉന്നത ഉദ്യോഗസ്ഥരുമായി നിര്‍ണായക കൂടിക്കാഴ്ച

ഹമാസ് പ്രതിനിധി സംഘത്തില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫിസ് മേധാവി മൂസ അബു മര്‍സൂക്ക്, പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സഹീര്‍ ജബരീന്‍ എന്നിവര്‍ മോസ്‌കോയിലെത്തിയ പ്രതിനിധി സംഘത്തിലുണ്ട്.

Update: 2021-02-05 18:02 GMT

മോസ്‌കോ: ഫലസ്തീന്‍ ദേശീയ ഐക്യം പുനസ്ഥാപിക്കുന്നതിനുള്ള വഴികളും ഫലസ്തീന്‍ പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകളും ചര്‍ച്ച ചെയ്യുന്നതിനുള്ള സന്ദര്‍ശനത്തിന്റെ ഭാഗമായി ഹമാസിന്റെ ഉന്നത പ്രതിനിധി സംഘം വ്യാഴാഴ്ച റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ എത്തി. ഹമാസ് പ്രതിനിധി സംഘത്തില്‍ ഇന്റര്‍നാഷണല്‍ റിലേഷന്‍സ് ഓഫിസ് മേധാവി മൂസ അബു മര്‍സൂക്ക്, പ്രസ്ഥാനത്തിന്റെ പൊളിറ്റിക്കല്‍ ബ്യൂറോ അംഗം സഹീര്‍ ജബരീന്‍ എന്നിവര്‍ മോസ്‌കോയിലെത്തിയ പ്രതിനിധി സംഘത്തിലുണ്ട്.

പ്രതിനിധി സംഘം മിഡില്‍ ഈസ്റ്റിലേയും ആഫ്രിക്കയിലേയും റഷ്യന്‍ പ്രസിഡന്റിന്റെ പ്രത്യേക ദൂതന്‍ മിഖായേല്‍ ബോഗ്ദാനോവുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് കൂടിക്കാഴ്ച നടത്തി. റഷ്യന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മിഡില്‍ ഈസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യൂട്ടി ഹെഡ് അലക്‌സി സ്‌കോയറേവും യോഗത്തില്‍ പങ്കെടുത്തു.

ഫലസ്തീനിലെ രാഷ്ട്രീയ സംഭവവികാസങ്ങള്‍, കൂടാതെ, പൊതു നിയമനിര്‍മ്മാണ, പ്രസിഡന്റ്, ദേശീയ കൗണ്‍സില്‍ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ജനാധിപത്യ പ്രക്രിയയുടെ വിജയം ഉറപ്പാക്കാനുള്ള ഹമാസിന്റെ ശ്രമങ്ങള്‍ എന്നിവ ഉള്‍പ്പെടെ നിരവധി വിഷയങ്ങള്‍ ഫലസ്തീന്‍ വിമോചന പ്രസ്ഥാനത്തിന്റെ പ്രതിനിധികള്‍ ബോഗ്ദാനോവുമായി ചര്‍ച്ച ചെയ്തു.

ഫലസ്തീന്‍ വിഷയത്തിലെ റഷ്യന്‍ നിലപാടും ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ക്കുള്ള പിന്തുണയും കൂടിക്കാഴ്ചയില്‍ ബോഗ്ദാനോവ് ഊന്നിപ്പറഞ്ഞു.കൂടാതെ, ഫലസ്തീന്‍ ഐക്യം പുനസ്ഥാപിക്കാനുള്ള തന്റെ രാജ്യത്തിന്റെ താത്പര്യവും അദ്ദേഹം പ്രകടിപ്പിച്ചു, അതിനായി ആവശ്യമായതെല്ലാം നല്‍കാനുള്ള രാജ്യത്തിന്റെ സന്നദ്ധതയും അദ്ദേഹം അറിയിച്ചു.

അതിനിടെ, ഹമാസ് പ്രതിനിധികള്‍ മോസ്‌കോയില്‍ ഇസ്‌ലാമിക് ജിഹാദ് പ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറല്‍ സിയാദ് നഖാലെയുടെ നേതൃത്വത്തിലുള്ള മുതിര്‍ന്ന പ്രതിനിധി സംഘവുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തി.

കൂടിക്കാഴ്ചയില്‍ ഫലസ്തീന്‍ രാഷ്ട്രീയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ഫലസ്തീന്‍ ലക്ഷ്യത്തെ ഇല്ലാതാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഗൂഢാലോചനകളെ പരാജയപ്പെടുത്തുന്നതിനുള്ള പങ്കാളിത്തത്തിന്റെയും പ്രതിരോധത്തിന്റെയും അടിസ്ഥാനത്തില്‍ ദേശീയ ഐക്യം പുനസ്ഥാപിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ആവശ്യകതയെക്കുറിച്ചും ഇരു പാര്‍ട്ടികളും ചര്‍ച്ച ചെയ്തു.

Tags:    

Similar News