ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി വിട്ടു;ഗുജറാത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി

ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാര്‍ദിക് പ്രതികരിച്ചു

Update: 2022-05-18 06:19 GMT

അഹമ്മദാബാദ്:ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസ് വിട്ടു.ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ പാര്‍ട്ടി ഉള്‍പ്പോര് രൂക്ഷമായിരിക്കെയാണ് ഹാര്‍ദിക്കിന്റെ നിര്‍ണായക തീരുമാനം.രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയുള്ള ഹാര്‍ദിക്കിന്റെ രാജി പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയായി മാറിയിരിക്കുകയാണ്.ട്വിറ്ററിലൂടെയായിരുന്നു ഹാര്‍ദിക് രാജി പ്രഖ്യാപിച്ചത്.ഗുജറാത്ത് ജനതക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് രാജി പ്രഖ്യാപിച്ച ശേഷം ഹാര്‍ദിക് പ്രതികരിച്ചു.'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും,പാര്‍ട്ടിയിലെ എന്റെ പദവിയില്‍ നിന്നും രാജിവയ്ക്കുകയാണ്.എന്റെ തീരുമാനത്തെ എന്റെ സഹപ്രവര്‍ത്തകരും ഗുജറാത്തിലെ ജനങ്ങളും സ്വാഗതം ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ ചുവടുവെപ്പിലൂടെ ഭാവിയില്‍ ഗുജറാത്തിന് വേണ്ടി ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.'കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കുള്ള രാജിക്കത്ത് പങ്കുവെച്ച് ഹാര്‍ദിക് പട്ടേല്‍ ട്വിറ്റര്‍ പോസ്റ്റില്‍ കുറിച്ചു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കഴിഞ്ഞ ദിവസങ്ങളില്‍ രൂക്ഷ വിമര്‍ശവുമായി ഹാര്‍ദിക് രംഗത്തെത്തിയിരുന്നു. താന്‍ കോണ്‍ഗ്രസ് വിടണമെന്ന് ആഗ്രഹിക്കുന്ന നിരവധി നേതാക്കളുണ്ടെന്നും അതിനാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് ഹൈക്കമാന്റ് ഉറപ്പാക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.സംസ്ഥാന കോണ്‍ഗ്രസ് ഘടകത്തിന്റെ ഒരു യോഗത്തിലേക്കും തന്നെ ക്ഷണിക്കാറില്ലെന്നും തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ തന്നോട് ആലോചിക്കാറില്ലെന്നും ഹാര്‍ദിക് പട്ടേല്‍ ആരോപിച്ചിരുന്നു.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.2020ല്‍ അദ്ദേഹം കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിങ് പ്രസിഡന്റായി നിയമിതനായി.കുറച്ചുകാലങ്ങളായി കോണ്‍ഗ്രസിനേയും നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Tags:    

Similar News