ഹരിദ്വാര്‍ വിദ്വേഷ പ്രസംഗം: ഹിന്ദുമതം സ്വീകരിച്ച വസീം റിസ്‌വി അറസ്റ്റില്‍; വംശഹത്യക്ക് ആഹ്വാനം ചെയ്തവര്‍ പുറത്ത്

Update: 2022-01-13 14:01 GMT

ഹരിദ്വാര്‍: ധര്‍മസന്‍സദില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യ ആഹ്വാനം നടത്തിയ സംഭവത്തില്‍ ഉത്തരാഖണ്ഡ് പോലിസ് അറസ്റ്റ് ചെയ്തത് ഈയിടെ മതം മാറിയ വസീം റിസ്‌വിയെ മാത്രം. ഹരിദ്വാറില്‍ നടന്ന ഹിന്ദുത്വ സമ്മേളനത്തില്‍ മുസ്‌ലിംകള്‍ക്കെതിരേ കൊലവിളി നടത്തിയ വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

കേസില്‍ വസീം റിസ്‌വി എന്ന ജിതേന്ദ്ര നാരായണന്‍ ത്യാഗിയെ അറസ്റ്റ് ചെയ്തതായി ഹരിദ്വാര്‍ സിറ്റി എസ്പി സ്വതന്ത്ര കുമാര്‍ സ്ഥിരീകരിച്ചു. ഷിയ വഖഫ് ബോര്‍ഡ് മുന്‍ മേധാവി വസീം റിസ്‌വി, ദസ്‌ന ക്ഷേത്രത്തിലെ പൂജാരിയും വിദ്വേഷ പ്രചാരകനുമായ യതി നരസിംഹാനന്ദ്, ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരേ ഹരിദ്വാറിലെ ജ്വാലപൂര്‍ പോലിസ് സ്‌റ്റേഷനില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഐപിസി സെക്ഷന്‍ 153 എ ഉള്‍പ്പടേയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തത്.

അതേസമയം, മുസ് ലിംകളെ വംശഹത്യ നടത്തണമെന്ന് ആഹ്വാനം ചെയ്ത പ്രബോധാനന്ദ് ഗിരി ഉള്‍പ്പടെയുള്ള ഹിന്ദുത്വ സന്യാസിമാരെ അറസ്റ്റ് ചെയ്യാന്‍ പോലിസ് തയ്യാറായിട്ടില്ല. ധര്‍മസന്‍സദിലെ വംശഹത്യ പ്രസംഗത്തിന് ശേഷം പ്രബോധാനന്ദ് ഗിരിക്ക് യുപിയില്‍ വമ്പിച്ച സ്വീകരണം നല്‍കിയിരുന്നു. സ്വീകരണ സമ്മേളനത്തിലും പ്രബോധാനന്ദ് ഗിരി മുസ് ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗം നടത്തി.

സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്‌വാന്‍ തുടങ്ങിയ ഹിന്ദുത്വ നേതാക്കളേയും പോലിസ് അറസ്റ്റ് ചെയ്തിട്ടില്ല.

ധര്‍മസന്‍സദില്‍ മുസ് ലിംകള്‍ക്കെതിരേ വംശഹത്യ ആഹ്വാനം നടത്തിയ സംഭവം വന്‍ വിവാദമായതോടെ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പോലിസ് സൂപ്രണ്ടിന്റെ പദവിയിലുള്ള ഒരു ഉദ്യോഗസ്ഥനടക്കം അഞ്ചംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.

ഹരിദ്വാറില്‍ വിളിച്ചുചേര്‍ത്ത സമ്മേളനത്തില്‍ മുസ് ലിംകള്‍ക്കെതിരേ ആക്രമണം നടത്താന്‍ പ്രാസംഗികര്‍ ആഹ്വാനം ചെയ്‌തെന്നാണ് കേസ്. ഡിസംബര്‍ 16ന് ഹരിദ്വാറില്‍ വേദ് നികേതന്‍ ധര്‍മിലാണ് പരിപാടി നടന്നത്.

ഡിസംബര്‍ 17 നും 19നും ഇടയില്‍ ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ സംഘടിപ്പിച്ച 'ധര്‍മ്മ സന്‍സദി'ലാണ് മുസ്‌ലിംകളെ വംശഹത്യ ചെയ്യാനുള്ള ആഹ്വാനമുയര്‍ന്നത്. ഹിന്ദുത്വ സംഘടനകളുടെ വലിയ സമ്മേളനത്തില്‍, മുസ് ലിംകളെ കൂട്ടത്തോടെ കൊല്ലാന്‍ ഒന്നിലധികം പ്രഭാഷകര്‍ തുറന്ന ആഹ്വാനങ്ങള്‍ നടത്തി.

മുസ് ലിം വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനെതിരേ സാമൂഹികമാധ്യമങ്ങളില്‍ വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ പരിപാടി കഴിഞ്ഞ് നാല് ദിവസത്തിനുശേഷമാണ് പോലിസ് ഒരു കേസ് ഫയല്‍ ചെയ്തത്. അതില്‍ ഒരാളുടെ പേര് മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. പിന്നീട് മറ്റ് പേരുകള്‍ കൂടി ഉള്‍പ്പെടുത്തി. നിങ്ങള്‍ക്ക് അവരെ അവസാനിപ്പിക്കണമെങ്കില്‍ അവരെ കൊല്ലണം. 20 ലക്ഷം പേരെ കൊല്ലാന്‍ കഴിയുന്ന 100 സൈനികര്‍ നമുക്ക് വേണമെന്നാണ് സാധ്വി അന്നപൂര്‍ണ പ്രസംഗിച്ചത്. വിദ്വേഷപ്രസംഗത്തില്‍ ഒരു തെറ്റുമില്ലെന്നാണ് പരിപാടിയുടെ സംഘാടകര്‍ പിന്നീട് പ്രതികരിച്ചത്. വിദ്വേഷപ്രസംഗം നടത്തിയ ഹിന്ദു രക്ഷാസേനയുടെ പ്രബോധാനന്ദ് ഗിരിയപ്പോലുള്ളവരില്‍ പലരും ബിജെപി നേതാക്കള്‍ക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒപ്പം ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നവരാണ്.

'മ്യാന്‍മറിനെപ്പോലെ, നമ്മുടെ പോലിസും രാഷ്ട്രീയക്കാരും സൈന്യവും, ഓരോ ഹിന്ദുവും ആയുധമെടുത്ത് വംശീയ ഉന്മൂലനം നടത്തണം. മറ്റ് വഴികളൊന്നുമില്ല.' പ്രബോധാനന്ദ് ഗിരി നടത്തിയ പ്രസംഗത്തില്‍ ആഹ്വാനം ചെയ്തു.

ഇസ്‌ലാമിനെതിരെ അപകീര്‍ത്തികരവും പ്രകോപനപരവുമായി പ്രസ്താവന യോഗത്തിലുണ്ടായി എന്ന് എഫ്‌ഐആര്‍ പറയുന്നു. വിവാദ പ്രസ്താവനകള്‍ നടത്തിയ ഹിന്ദുത്വ നേതാക്കള്‍ തങ്ങളുടെ വിദ്വേഷ പ്രചാരണം തുടര്‍ന്നും നടത്തുമെന്ന നിലപാടിലാണ്. നിയമനടപടിയെ ഭയക്കുന്നില്ലെന്നും ഹിന്ദുത്വ നേതാക്കള്‍ വ്യക്തമാക്കി. ''പറഞ്ഞ കാര്യങ്ങളില്‍ എനിക്കൊരു ലജ്ജയുമില്ല. ഞാന്‍ പോലിസിനെ ഭയപ്പെടുന്നില്ല. ഞാന്‍ എന്റെ പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയാണ്''ഹിന്ദു രക്ഷാസേന നേതാവ് പ്രബോധാനന്ദ് ഗിരി പറഞ്ഞത് ഇങ്ങനെയാണ്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ ധാമി എന്നിവരുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രബോധാനന്ദ് ഗിരി. മുസ്‌ലിംകള്‍ക്കെതിരേ മ്യാന്‍മര്‍ മാതൃകയില്‍ വംശശുദ്ധീകരണം നടത്തണമെന്നാണ് പ്രബോധാനന്ദ് ഗിരി സമ്മേളനത്തില്‍ പറഞ്ഞത്. ''മ്യാന്‍മര്‍ മാതൃകയില്‍ നമ്മുടെ പോലിസും, രാഷ്ട്രീയക്കാരും സൈന്യവും മുഴുവന്‍ ഹിന്ദുക്കളും ആയുധമെടുത്ത് ഒരു വംശശുദ്ധീകരണം നടത്തണം. അതല്ലാതെ മറ്റൊരു വഴിയും നമ്മുടെ മുന്നില്‍ അവശേഷിക്കുന്നില്ല'' പ്രബോധാ നന്ദ് ഗിരിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.

Tags:    

Similar News