ഹരിദ്വാറിലെ മുസ്‌ലിം വംശഹത്യാ ആഹ്വാനം: യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വിദ്വേഷപ്രസംഗത്തിനല്ല, സ്ത്രീത്വത്തെ അപമാനിച്ചതിന്
ന്യൂഡല്‍ഹി: ഹരിദ്വാറില്‍ കഴിഞ്ഞ മാസം സംഘടിപ്പിച്ച ധര്‍മ സന്‍സദ് സമ്മേളനത്തില്‍ മുസ് ലിം വംശഹത്യക്ക് ആഹ്വാനം ചെയ്ത മതനേതാവ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത് വിദ്വേഷപ്രസംഗത്തിന്റെ പേരിലല്ല, സ്ത്രീവിരുദ്ധമായ വാക്കുകള്‍ ഉപയോഗിച്ചതിന്. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത ഉത്തരാഖണ്ഡ് പോലിസ് തന്നെയാണ് ഈ വിവരവും പുറത്തുവിട്ടത്.
വിദ്വേഷപ്രസംഗത്തിന്റെ പേരില്‍ ഒരു നോട്ടിസ് പ്രതിക്ക് അയച്ചിട്ടുണ്ടെന്ന് പോലിസ് പറയുന്നു.
'ഇപ്പോള്‍ ഹരിദ്വാര്‍ വിദ്വേഷ പ്രസംഗ കേസല്ല, സ്ത്രീകള്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയതിനാണ് യതി നരസിംഹാനന്ദിനെ അറസ്റ്റ് ചെയ്തത്. ആ കേസില്‍ അദ്ദേഹത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്. വിദ്വേഷ പ്രസംഗ കേസിലും അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യും, നടപടിക്രമങ്ങള്‍ തുടരുകയാണ്. ഞങ്ങള്‍ വിദ്വേഷ പ്രസംഗ കേസിന്റെ വിശദാംശങ്ങളും റിമാന്‍ഡ് അപേക്ഷയില്‍ ഉള്‍പ്പെടുത്തും'- പോലിസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ഈ മാസം ആദ്യം അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തില്‍ സ്ത്രീകളെ മോശം വാക്കുകളുപയോഗിച്ച് പരാമര്‍ശിച്ചതിന് ഒരു പരാതി നിലനില്‍ക്കുന്നുണ്ട്. അതാണ് അറസ്റ്റിലേക്ക് നയിച്ചത്. ഈ പരാതിയില്‍ വിദ്വേഷപ്രസംഗംകൂടി ചേര്‍ക്കുമെന്നാണ് പോലിസ് പറയുന്നത്. അതേസമയം ഹരിദ്വാര്‍ വിദ്വേഷപ്രസംഗത്തില്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ല.
കഴിഞ്ഞ മാസം ഹരിദ്വാര്‍ 'ധര്‍മ സന്‍സദ്' മത സമ്മേളനത്തില്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പേരുള്ളവരില്‍ യതി നരസിംഹാനന്ദും ഉള്‍പ്പെടുന്നു.
ആഴ്ചകള്‍ക്കുമുമ്പ് ഹിന്ദുമതം സ്വീകരിച്ച ജിതേന്ദ്ര നാരായന്‍ സിങ് ത്യാഗി എന്ന യുപി ഷിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ വസീം റിസ്വിയെ മാത്രമാണ് ഈ കേസില്‍ ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവം നടന്ന് ഒരു മാസത്തിനുശേഷം സുപ്രിംകോടതി ഇടപെട്ട ശേഷമായിരുന്നു അറസ്റ്റ്.
ജിതേന്ദ്രയുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് നടത്തിയ ധര്‍ണയില്‍ വച്ചാണ് നരസിംഹാനന്ദിനെ പോലിസ് അറസ്റ്റ് ചെയ്തത്. പോലിസ് എഫ്‌ഐആറില്‍ അഞ്ചാമത്തെ പ്രതിയാണ് യതി നരസിംഹാനന്ദ്. ഇതിന് മുമ്പും നിരവധി തവണ യതി മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രസംഗങ്ങള്‍ പൊതുവേദികളില്‍ നടത്തിയിട്ടുണ്ട്.
സംഭവത്തില്‍ കേസെടുത്ത പോലിസിനെയും ഇയാള്‍ ഭീഷണിപ്പെടുത്തി. പോലിസ് തങ്ങളുടെ പക്ഷത്തുണ്ടാവണം, ഇല്ലെങ്കില്‍ എല്ലാവരും മരിക്കുമെന്നായിരുന്നു ഭീഷണി. വസിം റിസ്വിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു യതിയുടെ പ്രതികരണം. റിസ്‌വിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നും റിസ്‌വിക്കെതിരേ ചുമത്തിയ എല്ലാ കേസുകളിലും താനും പ്രതിയാണെന്നും യതി നരസിംഹാനന്ദ് പറഞ്ഞിരുന്നു. ഹരിദ്വാറില്‍ ഡിസംബര്‍ 17 മുതല്‍ 19 വരെയായിരുന്നു യതി നരസിംഹാനന്ദിന്റെ നേതൃത്വത്തില്‍ സമ്മേളനം നടന്നത്.
ന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്യാനും മതകേന്ദ്രങ്ങള്‍ ആക്രമിക്കാനുമായിരുന്നു സന്‍സദില്‍ ആഹ്വാനം നടന്നത്. റിസ്‌വിക്കും നരസിംഹാനന്ദനും പുറമെ ഹിന്ദു മഹാസഭ ജനറല്‍ സെക്രട്ടറി അന്നപൂര്‍ണ, സിന്ധു സാഗര്‍, ധരംദാസ്, പരമാനന്ദ, ആനന്ദ് സ്വരൂപ്, അശ്വിനി ഉപാധ്യായ, സുരേഷ് ചഹ്വാന്‍ എന്നിങ്ങനെ 10ലധികം പേര്‍ക്കെതിരെ പോലിസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
കേസില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് 10 ദിവസത്തിനകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാരിനോട് സുപ്രിംകോടതി ബുധനാഴ്ച നിര്‍ദ്ദേശിച്ചിരുന്നു. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനം വിവിധ കോണുകളില്‍നിന്നും ഉയര്‍ന്നിരുന്നു. ഡല്‍ഹിയിലും ഹരിദ്വാറിലും സംഘടിപ്പിച്ച പരിപാടികളില്‍ നടത്തിയ വിദ്വേഷപ്രസംഗങ്ങള്‍ക്കെതിരേ സ്വമേധയാ ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് 76 അഭിഭാഷകര്‍ അടുത്തിടെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.