ഹരിദ്വാര്‍ ധര്‍മ സന്‍സദ് കൊലവിളി ഞെട്ടിപ്പിക്കുന്നത്: കെ സുധാകരന്‍

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനം മുമ്പ് ഹിറ്റ്‌ലറും മുസോളനിയും മുഴക്കിയതാണ്

Update: 2022-01-05 12:08 GMT

തിരുവനന്തപുരം: ഹരിദ്വാര്‍ ധര്‍മ സന്‍സദില്‍ മുസ്‌ലിംകള്‍ക്കും മറ്റു മതന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഉയര്‍ന്ന കൊലവിളി ഞെട്ടിപ്പിക്കുന്നതാണെന്നും വിദ്വേഷപ്രസംഗകര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്ത ഭരണകൂട ഭീകരത ഭയപ്പെടുത്തുന്നതാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളെ വംശഹത്യ നടത്തണമെന്ന ആഹ്വാനം മുമ്പ് ഹിറ്റ്‌ലറും മുസോളനിയും മുഴക്കിയതാണ്. മതന്യൂനപക്ഷങ്ങളെ ആശങ്കയിലാഴ്ത്തിയ ധര്‍മ സന്‍സഡ് വിദ്വേഷ പ്രസംഗത്തിനെതിരേ രാഷ്ട്രീയകാര്യ സമിതി ശക്തമായി പ്രതിഷേധിച്ചു.

കര്‍ണാടകത്തിലും മറ്റു ചില സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കുനേരേ തുടര്‍ച്ചയായി ഉണ്ടാകുന്ന അക്രമങ്ങളില്‍ ആശങ്ക രേഖപ്പെടുത്തുന്ന കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖിന്റെ പ്രമേയം അംഗീകരിച്ചു. എം ലിജു പിന്തുണച്ചു.

ഡിസിസി പുനസംഘടനയ്ക്ക് ഡിസിസി പ്രസിഡന്റും ജില്ലയുടെ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയും ചേര്‍ന്ന് യോജിച്ച പാനല്‍ ഉണ്ടാക്കി കെപിസിസിക്കു കൈമാറണം. ഡി.സി.സികള്‍ ഒരാഴ്ചക്കുള്ളില്‍ പാനല്‍ നല്‍്കണം. രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്ര്യമുള്ള അധ്യാപകരെയും മറ്റു ജീവനക്കാരെയും ഭാരവാഹികളാക്കാം.

കെപിസിസി സെക്രട്ടറിമാരുടെ നോമിനേഷന്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുന്നതാണ്. തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് അന്വേഷിച്ച കമ്മീഷന്‍ റിപോര്‍ട്ട് തിരുവഞ്ചുര്‍ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള അച്ചടക്ക കമ്മിറ്റിക്ക് കൈമാറി.

കോണ്‍ഗ്രസിന്റെ 137ാം ജന്മദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച 137രൂപ ചലഞ്ചിന് നല്ല പ്രതികരണമാണ് ലഭിച്ചത്. ഇതു കൂടുതല്‍ ഊര്‍ജസ്വലമാക്കും.

കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി (സി.യു.സി) രൂപീകരണം പാര്‍ട്ടിയില്‍ വലിയ ചലനമുണ്ടാക്കി. 25 മുതല്‍ 30 വരെ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇപ്പോള്‍ സി.യു.സിയില്‍ ഉള്ളത്. അടുത്ത ഘട്ടത്തില്‍ സി.യു.സികളെ കുടുംബ യൂനിറ്റാക്കി മാറ്റും. ജവഹര്‍ ബാല്‍മഞ്ച്, കെ.എസ്.യു, മഹിളാകോണ്‍ഗ്രസ്, യൂത്ത് കോണ്ഗ്രസ് എന്നിവയിലേക്ക് അംഗങ്ങളെ ചേര്‍ക്കാനുള്ള പ്ലാറ്റ്‌ഫോമായി സിയുസികളെ മാറ്റിയെടുക്കും.

Tags:    

Similar News