ധര്‍മ സന്‍സദിന്റെ സംഘാടകര്‍ കോണ്‍ഗ്രസ്സും എന്‍സിപിയുമെന്ന് ബിജെപി

Update: 2022-01-01 07:12 GMT

ന്യൂഡല്‍ഹി: മതപുരോഹിതന്‍ കാളിചരന്‍ മഹാരാജിന്റെ അറസ്റ്റിനു പിന്നാലെ ധര്‍മ്‌സന്‍സദ് സംഘടിപ്പിച്ചതിന്റെ ഉത്തരവാദിത്തില്‍ നിന്ന് ഒഴിഞ്ഞുമാറി ബിജെപി. റായ്പൂരിലെ ധര്‍മസന്‍സദ് യഥാര്‍ത്ഥത്തില്‍ സംഘടിപ്പിച്ചത് കോണ്‍ഗ്രസും എന്‍സിപിയും ചേര്‍ന്നാണെന്ന് ബിജെപി ആരോപിച്ചു.

പരിപാടി സ്ഘടിപ്പിച്ചത് കോണ്‍ഗ്രസ്സും എന്‍സിപിയും ചേര്‍ന്നാണെന്ന് മുന്‍ ഛത്തിസ്ഗഢ് മന്ത്രിയും ബിജെപി നേതാവുമായ ബ്രിജ്‌മോഹന്‍ അഗര്‍വാള്‍ പറഞ്ഞു. 

'മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും ഛത്തീസ്ഗഢ് ഗൗ സേവാ ആയോഗ് ചെയര്‍മാനുമായ മഹന്ത് റാം സുന്ദര്‍ ദാസ് സംഘാടകരില്‍ ഒരാളായിരുന്നു. ദാസിന് കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സമയത്ത് മന്ത്രിപദവി നല്‍കിയിട്ടുണ്ട്. പരിപാടി സംഘടിപ്പിച്ച പമോദ് ദുബെ, റായ്പൂര്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനും വികാഷ് ഉപാധ്യായ പാര്‍ലമെന്ററി സെക്രട്ടറിയുമാണ്. സംഘാടകരിലെ പ്രധാനികളെല്ലാം കോണ്‍ഗ്രസുകാരാണ്. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച് ബിജെപിയുടെ ഹിന്ദുത്വത്തെ പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചെങ്കിലും അത് തിരിച്ചടിച്ചു- അഗര്‍വാള്‍ പറഞ്ഞു.

ധര്‍മസന്‍സദിന്റെ യഥാര്‍ത്ഥ സംഘാടകന്‍ നീലകണ്ഠ തൃപാഠിയാണെന്നും അദ്ദേഹം എന്‍സിപി ഛത്തിസ്ഗഢ് യൂനിറ്റിന്റെ പ്രസിഡന്റുമാണെന്ന് ബിജെപി ഐടി വകുപ്പിന്റെ ഇന്‍ചാര്‍ജ് അമിത് മാളവ്യ പറഞ്ഞു.

'റായ്പൂരിലെ ധര്‍മ്മ സന്‍സദ് വാര്‍ത്തയായപ്പോള്‍ എല്ലായ്‌പ്പോഴുമെന്ന പോലെ ബിജെപിയെയും മറ്റ് ഹിന്ദു സംഘടനകളെയും അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു. എന്നാല്‍ ആരാണ് യഥാര്‍ത്ഥ സംഘാടകന്‍? നീലകണ്ഠ ത്രിപാഠി, എന്‍സിപി ഛത്തീസ്ഗഢ് സംസ്ഥാന അധ്യക്ഷന്‍'- മതവിദ്വേഷം മതേതരത്വത്തില്‍ ഒളിപ്പിക്കുകയാണെന്ന് മാളവ്യ ട്വീറ്റ് ചെയ്തു.

മധ്യപ്രദേശില്‍ നിന്നുള്ള കാളീചരണ്‍ മഹാരാജിന്റെ അറസ്റ്റ് ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും ഭരണകക്ഷികള്‍ക്കിടയില്‍ വലിയ തര്‍ക്കത്തിന് കാരണമായിരുന്നു. കാളിചരനെ അറസ്റ്റ് ചെയ്ത ഛത്തിസ്ഗഢ് സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്കിയിലുളള പ്രോട്ടോകോള്‍ ലംഘിച്ചുവെന്നും ബിജെപി ആരോപിച്ചു.

ധര്‍മ്‌സന്‍സദിലെ മുസ് ലിം വിദ്വേഷ പ്രസംഗം രാജ്യത്തിനകത്തും പുറത്തും വലിയതോതില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു.

Tags:    

Similar News