ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ്: 'ഹരിസ്വാമിയും സംഘവും' അറസ്റ്റില്‍

Update: 2025-04-13 05:31 GMT
ഇരിങ്ങാലക്കുട ഇറിഡിയം തട്ടിപ്പ്: ഹരിസ്വാമിയും സംഘവും അറസ്റ്റില്‍

ഇരിങ്ങാലക്കുട: ഇറിഡിയം തട്ടിപ്പില്‍ തൃശൂര്‍ പെരിഞ്ഞനം സ്വദേശി പാപ്പുള്ളി ഹരിദാസന്‍ എന്ന ഹരി സ്വാമി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. മാപ്രാണം സ്വദേശിയെ ഇറിഡിയം ബിസിനസിന് എന്ന പേരില്‍ പണംവാങ്ങി വഞ്ചിച്ച കേസിലാണ് നടപടി. ഹരിസ്വാമി (52), മണവിലാശ്ശേരി താണിശ്ശേരി മണമ്പുറയ്ക്കല്‍ വീട്ടില്‍ ജിഷ (45), മാടായിക്കോണം മാപ്രാണം വെട്ടിയാട്ടില്‍ വീട്ടില്‍ പ്രസീദാ സുരേഷ് (46) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തത്. ഇറിഡിയം ഇടപാടിലൂടെ ലക്ഷങ്ങള്‍ തിരികെ കിട്ടുമെന്ന് വാഗ്ദാനം നല്‍കി മാപ്രാണം സ്വദേശിയില്‍നിന്ന് 2018 ആഗസ്റ്റ് മുതല്‍ 2019 ജനുവരി വരെ പലതവണകളായി 31,000 രൂപ വാങ്ങി വഞ്ചിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

ഹരിദാസന്‍ കൊല്‍ക്കത്തയിലെ മഠത്തിന്റെ അധിപതിയാകാന്‍ പോകുകയാണെന്നും ബാങ്കുകളില്‍ അനാഥമായി കിടക്കുന്ന പണം പാവങ്ങളിലേക്ക് എത്തിക്കുമെന്നും പറഞ്ഞു വിശ്വസിപ്പിച്ചു പണം പിരിക്കുകയായിരുന്നു. ഇറിഡിയം വിദേശത്തേക്ക് കയറ്റി അയച്ചെന്നും അതിന്റെ ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് പണം തിരികെ നല്‍കാമെന്നും വാഗ്ദാനം നല്‍കി. നിരവധി പേരില്‍നിന്നായി കോടിക്കണക്കിനുരൂപയാണ് ഇത്തരത്തില്‍ തട്ടിയെടുത്തത്. റിസര്‍വ് ബാങ്കിന്റേതാണെന്നു കാണിച്ചുള്ള വ്യാജരേഖകളും ഇതിനായി ഉണ്ടാക്കി. ആത്മീയതയും സൗജന്യ വീടുനല്‍കലും മറയാക്കിയാണ് ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹരിതം ഗ്രൂപ്പ് എന്ന പേരില്‍ ഫാമും കടകളും നടത്തി. തട്ടിപ്പുകൊണ്ട് നേടിയ പണംകൊണ്ട് നാട്ടുകാര്‍ക്ക് 13 വീടുകളാണ് നിര്‍മിച്ചുനല്‍കിയത്. പണം തിരികെ ആവശ്യപ്പെടുന്നവരെ ഭീഷണിപ്പെടുത്തി. തനിക്ക് ദിവ്യജ്ഞാനം ഉണ്ടെന്നും ശപിച്ചാല്‍ കുടുംബം മുഴുവന്‍ നശിക്കുമെന്നായിരുന്നു ഭീഷണി. ഇറിഡിയത്തിന്റെ പേരില്‍ നിക്ഷേപിച്ച പണം ഒറ്റയടിക്ക് പിന്‍വലിച്ചാല്‍ രാജ്യത്തിന്റെ സാമ്പത്തികസുരക്ഷയെ ബാധിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.

Similar News