ഹരിയാനയില്‍ അനധികൃത ഖനനം തടയാനെത്തിയ മുതിര്‍ന്ന പോലിസുദ്യോഗസ്ഥനെ ട്രക്കിടിച്ച് കൊന്നു

Update: 2022-07-19 09:43 GMT

ചണ്ഡീഗഢ്: ഹരിയാനയില്‍ അനധികൃത പാറ ഖനനം തടയാനെത്തിയ മുതിര്‍ന്ന പോലിസുദ്യോഗസ്ഥനെ ട്രക്കിടിച്ച് വീഴ്ത്തി. ഹരിയാനയിലെ നൂഹിലാണ് ഇന്ന് രാവിലെ 11 മണിയോടെ ഖനനമാഫിയയുടെ ഭീകരത വ്യക്തമാക്കുന്ന ദാരുണസംഭവം അരങ്ങേറിയത്. ഹരിയാനയിലെ ഡിസ്പി റാങ്കിലുള്ള സുരേന്ദ്ര സിങ് ബിഷ്‌ണോയിയാണ് കൊല്ലപ്പെട്ടത്. പോലിസുദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തിയശേഷം ട്രക്കുമായി രക്ഷപ്പെട്ട ഡ്രൈവര്‍ക്കായി പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. ആരവല്ലി പര്‍വതനിരക്ക് സമീപമുള്ള പച്ച്ഗാവില്‍ അനധികൃതമായി പാറ ഖനനം ചെയ്യുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മേവാത്ത് ഡിഎസ്പി സുരേന്ദ്ര സിങ് ബിഷ്‌ണോയിയും സംഘവും സ്ഥലത്തെത്തിയത്.

പോലിസുകാരെ കണ്ടതോടെ അനധികൃത ഖനനത്തില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ഓടിരക്ഷപ്പെടാന്‍ തുടങ്ങി. സുരേന്ദ്ര സിങ് വഴിയില്‍ തടസ്സം നില്‍ക്കുകയും കല്ല് നിറച്ച വാഹനങ്ങള്‍ നിര്‍ത്താന്‍ സിഗ്‌നല്‍ നല്‍കുകയും ചെയ്തു. എന്നാല്‍, ഒരു ട്രക്ക് ഡ്രൈവര്‍ ഡിഎസ്പിക്ക് നേരേ വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. മറ്റ് രണ്ട് പോലിസുകാര്‍ ചാടിമാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന് ഡ്രൈവര്‍ പ്രദേശത്തുനിന്ന് രക്ഷപ്പെട്ടു. ഇയാളെ പിടികൂടാന്‍ പോലിസ് തിരച്ചില്‍ ഊര്‍ജിതമാക്കി. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ എല്ലാ മാര്‍ഗവും സ്വീകരിക്കുമെന്ന് ഹരിയാന പോലിസ് ഔദ്യോഗിക ട്വിറ്ററില്‍ പുറത്തുവിട്ട അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

ഖനന മാഫിയയെ വെറുതെ വിടില്ലെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജും വ്യക്തമാക്കി. ഞങ്ങള്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കും, ആരെയും വെറുതെവിടില്ല- അദ്ദേഹം പറഞ്ഞു. 2014-15 മുതല്‍ 2021 സപ്തംബര്‍ വരെ സാധുവായ രേഖകളില്ലാതെ ധാതുക്കള്‍ കടത്തിയതുള്‍പ്പെടെ 21,450 അനധികൃത ഖനന കേസുകള്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തതായി മാര്‍ച്ച് 8 ന് നിയമസഭയില്‍ അവതരിപ്പിച്ച 2021-22 ലെ ഹരിയാനയിലെ സാമ്പത്തിക സര്‍വേ പറയുന്നു. 2009ലെ സുപ്രിംകോടതി നിരോധന ഉത്തരവുണ്ടായിട്ടും ആരവല്ലി മേഖലയില്‍ പലയിടത്തും ഖനനം തടസ്സമില്ലാതെ തുടരുകയാണ്.

ആരവല്ലി ബച്ചാവോ സിറ്റിസണ്‍സ് മൂവ്‌മെന്റ് എന്ന പേരില്‍ ഒരുകൂട്ടമാളുകള്‍ ഈ വര്‍ഷം ഖനനത്തിനെതിരേ ആദ്യം ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിച്ചു. മേഖലയില്‍ കുറഞ്ഞത് 16 സ്ഥലങ്ങളിലെങ്കിലും അനധികൃത ഖനനം വ്യാപകമാണെന്ന് അവര്‍ ആരോപിച്ചു. പല സ്ഥലങ്ങളിലും കുന്നുകളുടെ ഭൂരിഭാഗം സ്ഥലങ്ങളും ഖനനം ചെയ്തിരിക്കുകയാണ്. ചിലയിടത്ത് പൂര്‍ണമായും നിലംപരിശാക്കുകയും ചെയ്തിട്ടുണ്ട്- ഹരജിക്കാര്‍ ട്രൈബ്യൂണലിനെ അറിയിച്ചു.

അനധികൃത ഖനനവുമായി ബന്ധപ്പെട്ട നിരവധി പരാതികളില്‍ പോലിസ് നിഷ്‌ക്രിയമായെന്നും അവര്‍ ആരോപിച്ചു. തുടര്‍ന്ന് ട്രൈബ്യൂണല്‍ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, കേന്ദ്ര, സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡുകള്‍, സംസ്ഥാന പോലിസ്, മൈനിങ്, ഫോറസ്റ്റ് ഓഫിസര്‍മാരുടെ പ്രതിനിധികള്‍ അടങ്ങുന്ന സംയുക്ത സമിതി രൂപീകരിച്ചു. അനധികൃത ഖനനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ ഈ സമിതി കണ്ടെത്തിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമെന്ന് ട്രൈബ്യൂണല്‍ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News