ഹാഷിംപുര മുസ്‌ലിം കൂട്ടക്കൊല: ശിക്ഷിക്കപ്പെട്ട രണ്ട് പോലിസുകാര്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി
ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ 45 മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്ത കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പോലിസുകാര്‍ക്ക് ജാമ്യം നല്‍കി സുപ്രിംകോടതി. പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പിഎഎസി)യിലെ ഉദ്യോഗസ്ഥരായിരുന്ന രണ്ടു പേര്‍ക്കാണ് ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, എ ജി മസീഹ് എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നല്‍കിയത്. വിചാരണക്കോടതി വെറുതെവിട്ട ഇവരെ 2018ലാണ് ഹൈക്കോടതി ശിക്ഷിച്ചതെന്നും അന്നു മുതല്‍ ജയിലിലാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയിരിക്കുന്നത്.
കേന്ദ്രം ഭരിച്ചിരുന്ന രാജീവ് ഗാന്ധി സര്‍ക്കാര്‍ 1986ല്‍ ബാബരിമസ്ജിദ് ഹിന്ദുത്വര്‍ക്ക് പ്രാര്‍ത്ഥനകള്‍ക്കായി തുറന്നുകൊടുത്തിരുന്നു. ഇതിനെതിരേ ഓള്‍ ഇന്ത്യ ബാബരി മസ്ജിദ് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധം ശക്തമാക്കി വരുന്നതിനിടെ 1987 ഏപ്രില്‍ പതിനാലിന് ഒരു പോലിസുകാരന്‍ രണ്ട് മുസ്‌ലിംകളെ വെടിവച്ചു കൊന്നു. തുടര്‍ന്ന് പ്രദേശത്ത് എത്തിയ പിഎസി പോലിസ് മേയ് 22ന് ഹാഷിംപുരയില്‍ നിന്ന് 45 മുസ്‌ലിംകളെ പിടികൂടി ലോറിയില്‍ കൊണ്ടു പോയി വെടിവച്ചു കൊല്ലുകയായിരുന്നു. വെടിയേറ്റ ചിലര്‍ മരിക്കാതെ രക്ഷപ്പെട്ടു. കൊല്ലപ്പെട്ട 38 പേരില്‍ 11 പേരെ മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞത്.
ഉത്തര്‍പ്രദേശ് ക്രൈംബ്രാഞ്ചാണ് കേസ് ആദ്യം അന്വേഷിച്ചത്. 1996ല്‍ ഗാസിയാബാദിലെ പ്രത്യേക കോടതിയില്‍ ആദ്യ കുറ്റപത്രം നല്‍കി. 18 പിഎസി ഉദ്യോഗസ്ഥരായിരുന്നു പ്രതികള്‍. പിന്നീട് നല്‍കിയ അധിക കുറ്റപത്രത്തില്‍ മറ്റൊരു പോലിസുകാരനെയും പ്രതിചേര്‍ത്തു. കേസ് അട്ടിമറിക്കപ്പെടുമെന്ന ഭീതിയില്‍ സുപ്രിംകോടതി നിര്‍ദേശപ്രകാരം വിചാരണ ഡല്‍ഹിയിലെ കോടതിയിലേക്ക് മാറ്റി. വിചാരണാ കാലയളവില്‍ മൂന്നു പ്രതികള്‍ മരിച്ചു. മറ്റു പതിനാറു പേരെ വിചാരണക്കോടതി വെറുതെവിട്ടു.
എന്നാല്‍, അപ്പീലില്‍ ഇവരെയെല്ലാം ഡല്‍ഹി ഹൈക്കോടതി ശിക്ഷിച്ചു. ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നല്‍കിയ അധിക തെളിവുകള്‍ കൂടി പരിഗണിച്ച ശേഷമായിരുന്നു വിധി. ക്രിമിനല്‍ ഗൂഡാലോചന, തട്ടിക്കൊണ്ടുപോവല്‍, കൊലപാതകം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളില്‍ ജീവപര്യന്തം തടവാണ് പ്രതികള്‍ക്ക് ഹൈക്കോടതി വിധിച്ചത്. ഇതിന് ശേഷം പ്രതികള്‍ നല്‍കിയ അപ്പീലുകള്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതി ശിക്ഷിച്ച എട്ടു പേര്‍ക്ക് നേരത്തെ സുപ്രിംകോടതി ജാമ്യം നല്‍കിയിരുന്നു.