കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരായ വിദ്വേഷ പ്രചാരണം: യുവാവിനെ കസ്റ്റഡിയില്‍ എടുത്തു; ഫോണ്‍ പരിശോധിച്ച ശേഷം തുടര്‍ നടപടിയെന്ന് പോലിസ്
കണ്ണൂര്‍: താടിയും തൊപ്പിയും ധരിച്ച് സര്‍ക്കാര്‍ യൂനിഫോമില്‍ കെഎസ്ആര്‍ടിസി ഓടിച്ച ഡ്രൈവറെ താലിബാനി എന്ന് വിളിച്ച് ആക്ഷേപിക്കുകയും മത സ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയും ചെയ്ത മട്ടന്നൂര്‍ കീച്ചേരി സ്വദേശി നാരായണനെ മട്ടന്നൂര്‍ പോലിസ് ചോദ്യം ചെയ്ത് നോട്ടീസ് നല്‍കി വിട്ടയച്ചു. ഫോണ്‍ കസ്റ്റഡിയിലെടുത്ത് വിശദ പരിശോധനയ്ക്ക് അയച്ചതായും അതിന് ശേഷം തുടര്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും മട്ടന്നൂര്‍ എസ്എച്ച്ഒ പറഞ്ഞു. നാരു മട്ടന്നൂര്‍ എന്ന വ്യാജ അക്കൗണ്ട് വഴിയാണ് ഇയാള്‍ നിരന്തരം വിദ്വേഷ പ്രചാരണം നടത്തിയത്. കെ ടി ജലീലിന്റെ മകന്‍ കല്യാണത്തിന് മഹ്‌റായി ഖുര്‍ആന്‍ നല്‍കിയതിനെയും ഇയാള്‍ വിദ്വേഷം ജനിപ്പിക്കും വിധം പോസ്റ്റ് ചെയ്തിട്ടുണ്ട്. സൈബര്‍ സെല്‍ വഴി പ്രതിയെ വേഗത്തില്‍ കണ്ടെത്താന്‍ സാധിക്കുമെങ്കിലും പോസ്റ്റിട്ട വ്യക്തിയെ നോട്ടിസ് നല്‍കി വിട്ടയച്ച നടപടി വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ചാണ് പോസ്റ്റിട്ടിരിക്കുന്നതെന്നും അതിനാല്‍ കൂടുതല്‍ പരിശോധന നടത്തി വ്യക്തത വരുത്തേണ്ടതുണ്ടെന്നും മട്ടന്നൂര്‍ എസ്എച്ച്ഒ തേജസിനോട് പറഞ്ഞു.