വിദ്വേഷ പ്രസംഗം: പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

തനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

Update: 2022-05-26 00:54 GMT

കൊച്ചി: വിദ്വേഷ പ്രസംഗ കേസില്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയതിന് പിന്നാലെ, അറസ്റ്റിലായ പിസി ജോര്‍ജ് നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്ക് വെര്‍ടിഗോ അസുഖമുണ്ടെന്നും, രാത്രി ഉറങ്ങാന്‍ ശ്വസന സഹായി വേണമെന്നുമാണ് പിസി ജോര്‍ജ് ജാമ്യാപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്. കേസ് രാത്രി തന്നെ അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

പോലിസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനിലൂടെയാണ് ജാമ്യാപേക്ഷ നല്‍കിയത്. രാത്രി അസൗകര്യം ഉണ്ടെന്ന് പറഞ്ഞ കോടതി, അപേക്ഷ ഇന്ന് രാവിലെ 9ന് പരിഗണിക്കും എന്ന് അറിയിക്കുകയായിരുന്നു.

അതേസമയം, അറസ്റ്റിലായ പിസി ജോര്‍ജിനെ തിരുവനന്തപുരം എആര്‍ ക്യാമ്പിലെത്തിച്ചു. അര്‍ദ്ധരാത്രി 12.35 ഓടെയാണ് ഫോര്‍ട് പോലിസ് സ്‌റ്റേഷനില്‍ നിന്നുള്ള സംഘം പി സി ജോര്‍ജുമായി കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിയത്. എ ആര്‍ ക്യാംപിന് മുന്നില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നു.

ഇന്നലെ വൈകിട്ട് കൊച്ചിയില്‍ വച്ചാണ് ഫോര്‍ട്ട് പോലിസ് പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോര്‍ജിനെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ വൈദ്യ പരിശോധനക്ക് എത്തിച്ചിരുന്നു. പരിശോധനയില്‍ രക്തസമ്മര്‍ദത്തില്‍ വ്യത്യാസം അനുഭവപ്പെട്ടതോടെ ഒരു മണിക്കൂര്‍ നിരീക്ഷണം വേണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം ലഭിച്ച ശേഷമാണ് രാത്രി 9.30 ഓടെ പോലിസ് സംഘം ജോര്‍ജുമായി തിരുവനന്തപുരത്തേക്ക് തിരിച്ചത്.

Tags:    

Similar News