ഹാഥ്‌റസ് സന്ദര്‍ശനം: ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ കേസെടുത്തു
നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരേ യുപി പോലിസ് കേസെടുത്തത്
ലക്‌നോ: സവര്‍ണ യുവാക്കളുടെ ക്രൂരബലാല്‍സംഗത്തിനിരയായി ദലിത് യുവതി കൊല്ലപ്പെട്ട ഹാഥ്‌റസില്‍ ഇരയുടെ കുടുംബത്തെ സന്ദര്‍ശിച്ച ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരേ പോലിസ് കേസെടുത്തു. നിരോധനാജ്ഞ ലംഘിച്ചെന്ന് ആരോപിച്ചാണ് ചന്ദ്രശേഖര്‍ ആസാദിനും 400 പേര്‍ക്കുമെതിരേ യുപി പോലിസ് കേസെടുത്തത്.ദലിത് യുവതിയുടെ കൊലപാതകവും മൃതദേഹം അര്‍ധരാത്രി ദഹിപ്പിച്ചതിലും വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് വീട്ടിലേക്കുള്ള വഴികള്‍ പോലിസ് അടയ്ക്കുകയും മാധ്യമങ്ങളെ ഉള്‍പ്പെടെ കടത്തിവിടാതിരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല, അഞ്ചില്‍ കൂടുതല്‍ പേര്‍ കൂട്ടംകൂടി നില്‍ക്കരുതെന്നു കാണിച്ച് 144 പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം വൈകീട്ടാണ് ചന്ദ്രശേഖര്‍ ആസാദും അനുയായികളും സന്ദര്‍ശിച്ചത്.
തുടര്‍ന്നു നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പെണ്‍കുട്ടിയുടെ കുടുംബത്തിനു വൈ കാറ്റഗറി സുരക്ഷ നല്‍കണമെന്നും അല്ലാത്തപക്ഷം തന്റെ വീട്ടിലേക്ക് കൊണ്ടുപോവുമെന്നും പറഞ്ഞിരുന്നു. കുടുംബത്തെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റണമെന്ന ആസാദിന്റെ ആവശ്യത്തെ കുടുംബവും പിന്തുണച്ചിരുന്നു. നേരത്തേ വീട് സന്ദര്‍ശിക്കുന്നതില്‍ നിന്നു ആസാദിനെ തടയാന്‍ പോലിസ് ശ്രമിക്കുകയും കിലോമീറ്ററുകള്‍ അകലെ വാഹനം തടയുകയും ചെയ്തിരുന്നെങ്കിലും അനുയായികള്‍ക്കൊപ്പം കാല്‍നടയായി ആസാദ് വീട്ടിലെത്തുകയായിരുന്നു. ശനിയാഴ്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹാഥ്‌റസിലെ വീട്ടിലെത്തി കുടുംബത്തെ സന്ദര്‍ശിച്ചിരുന്നു. ഇതിനു പിന്നാലെ കേസന്വേഷണം സിബി ഐയ്ക്കു കൈമാറി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു.
Hathras Case Live Updates: FIR against Bhim Army's Chandrashekhar Azad