ഹാഥ്‌റസ് പീഡനം: ഇരയുടെ കുടുംബത്തെ നുണപരിശോധനയ്ക്ക് വിധേയരാക്കാന്‍ ഒരുങ്ങി യോഗി സര്‍ക്കാര്‍; ഇരയുടെ ബന്ധുക്കളുടെ ഫോണുകള്‍ പിടിച്ചെടുത്ത് യുപി പോലിസ്

പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്.

Update: 2020-10-03 04:23 GMT

ലഖ്‌നൗ: സവര്‍ണജാതിക്കാരുടെ കൊടിയ പീഡനങ്ങളെതുടര്‍ന്ന് കൊല്ലപ്പെട്ട ഹാഥ്‌റസിലെ പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ അടക്കം നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഉത്തരവ്. പ്രത്യേക അന്വേഷണ സമിതിയുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമാണ് നുണപരിശോധനയ്ക്ക് വിധേയരാക്കാനുള്ള ഉത്തരവിറക്കിയത്.

പെണ്‍കുട്ടിക്കെതിരായ ക്രൂരമായ സംഭവം രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കിടയാക്കിയതിനെതുടര്‍ന്നാണ് യുപി മുഖ്യമന്ത്രി എസ്‌ഐടി രൂപീകരിച്ചത്. ആഭ്യന്തര സെക്രട്ടറി ഭഗവാന്‍ സ്വരൂപിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

പെണ്‍കുട്ടിയുടെ വീട്ടുകാരെ തടങ്കലിലാക്കിയിരിക്കുകയാണെന്ന ആരോപണത്തിനിടെയുളള നുണപരിശോധന നീക്കം സംസ്ഥാനത്ത് വന്‍ വിവാദത്തിന് തിരികൊളുത്തിയിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തെ മാധ്യമങ്ങളോടും അഭിഭാഷകരോടും സംസാരിക്കാന്‍ അനുവദിക്കാത്ത രീതിയില്‍ പോലിസ് വലയത്തിലാണ്. ഇത് വിവാദമായതിന് പിന്നാലെയാണ് അടുത്ത നടപടി.

മാധ്യമ പ്രവര്‍ത്തകര്‍ ഗ്രാമത്തില്‍ പ്രവേശിച്ച് ഇരയുടെ കുടുംബങ്ങളെ കാണുന്നത് തടയുന്നതിനായി ഗ്രാമത്തിന്റെ പ്രവേശന കവാടം പോലിസ് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്. കൂടാതെ, പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ഫോണുകള്‍ പിടിച്ചെടുത്ത് പോലിസ് നിരീക്ഷണത്തില്‍ വച്ചിരിക്കുകയാണെന്നും റിപോര്‍ട്ടുകളുണ്ട്.

അതേസമയം, സംഭവത്തില്‍ മുഖം രക്ഷിക്കല്‍ നടപടികളുമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഇന്നലെ രംഗത്തെത്തി. കേസ് കൈകാര്യം ചെയ്തതില്‍ വീഴ്ച്ച ഉണ്ടായെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് സൂപ്രണ്ട് ഉള്‍പ്പടെ 5 പോലിസ് ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്തു. കേസില്‍ ഉള്‍പ്പെട്ട പോലിസുകാരെയും പോളിഗ്രാഫിക്, നാര്‍ക്കോ അനാലിസിസ് ടെസ്റ്റിന് വിധേയമാക്കാന്‍ സര്‍ക്കാരിന് പദ്ധതിയുണ്ട്. കേസ് സിബിഐക്ക് വിടുന്ന കാര്യവും സര്‍ക്കാര്‍ പരിഗണയിലാണെന്നാണ് സൂചന.

Tags:    

Similar News