ഹാഥ്റസിൽ നടന്നത് മനുഷ്യാവകാശ ലംഘനമെന്ന് കോടതി; പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന് മുന്നറിയിപ്പ്

സെപ്റ്റംബർ പതിനാലിന് യുപിയിലെ ഹാഥ്റസ് ഗ്രാമത്തിൽ വെച്ചാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ 19 വയസുള്ള പെൺകുട്ടിയെ കാണാതായത്. സവർണ ജാതിയിൽപ്പെട്ട നാല് പേർ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കുകയായിരുന്നു.

Update: 2020-10-14 08:25 GMT

ന്യൂഡൽഹി: ഹാഥ്റസിൽ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതിൽ മനുഷ്യാവകാശ ലംഘനം നടന്നതായി കോടതി. ക്രമസമാധാനത്തിൻ്റെ പേരിലാണെങ്കിലും അർധ രാത്രിയിൽ മൃതദേഹം സംസ്‌കരിച്ച നടപടി പ്രഥമ ദൃഷ്ടിയിൽ പെൺകുട്ടിയുടെയും കുടുംബത്തിൻ്റെയും മനുഷ്യാവകാശത്തിൻ്റെ ലംഘനമാണെന്നും കോടതി വിലയിരുത്തി. ഏറ്റവും കുറഞ്ഞ പക്ഷം മാന്യമായ സംസ്കാരത്തിനെങ്കിലും പെൺകുട്ടിയ്ക്ക് അർഹതയുണ്ടെന്നു നിരീക്ഷിച്ച കോടതി പെൺകുട്ടിയുടെ സ്വഭാവഹത്യ നടത്തരുതെന്ന മുന്നറിയിപ്പും നൽകി. പെൺകുട്ടിയുടെ മൃതദേഹം രഹസ്യമായി സംസ്കരിച്ചതുൾപ്പടെയുള്ള കാര്യങ്ങളിൽ വാദം കേട്ട ശേഷമാണ് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

പെൺകുട്ടിക്ക് 'ഏറ്റവും കുറഞ്ഞ പക്ഷം മതപരമായ ആചാരങ്ങൾക്കും അനുഷ്ഠാനങ്ങൾക്കും അനുസൃതമായ മാന്യമായ ശവസംസ്കാരത്തിന് അർഹതയുണ്ടായിരുന്നു. അത് പ്രധാനമായും നടത്തേണ്ടത് കുടുംബമാണ്', കോടതി ചൂണ്ടിക്കാട്ടി. കുടുംബത്തിൻ്റെ സമ്മതം ഇല്ലാതെയാണ് പുലർച്ചെ രണ്ടിന് പെൺകുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചതെന്നു കുടുംബാംഗങ്ങൾ കോടതിയെ ബോധിപ്പിച്ചിരുന്നു. നേരത്തെ പെൺകുട്ടിയുടെ കുടംബത്തിൻ്റെ സമ്മതത്തോടെയാണ് മൃതദേഹം സംസ്‌കരിച്ചതെന്നായിരുന്നു എഡിജി പ്രശാന്ത് കുമാർ അവകാശപ്പെട്ടിരുന്നത്.

പെൺകുട്ടിയെ മോശമായി ചിത്രീകരിക്കുന്നതിനെതിരെ കോടതി മുന്നറിയിപ്പ് നൽകി. 'വിചാരണയ്ക്ക് മുൻപ് കുറ്റാരോപിതനെ കുറ്റവാളിയായി കണക്കാക്കാൻ പാടില്ല. അത്പോലെ തന്നെ ഇരയുടെ സ്വഭാവഹത്യയിൽ ആരും ഏർപ്പെടരുത്', കോടതി പറഞ്ഞു. കേസിലെ പ്രതികളായ സവർണ ജാതിക്കാരെ പിന്തുണച്ചു ഇവരുടെ കമ്മ്യൂണിറ്റിയിൽപെട്ടവർ രംഗത്തെത്തിയിരുന്നു. പെൺകുട്ടിയുടെ കുടുംബം നടത്തിയ ദുരഭിമാന കൊലപാതകമാണിതെന്നും പ്രതികളിൽ ഒരാളുമായി പെൺകുട്ടി പ്രണയത്തിലായിരുന്നവെന്നും ഇവർ ആരോപിച്ചിരുന്നു.

സെപ്റ്റംബർ പതിനാലിന് യുപിയിലെ ഹാഥ്റസ് ഗ്രാമത്തിൽ വെച്ചാണ് അമ്മയോടൊപ്പം വയലിലേക്ക് പോയ 19 വയസുള്ള പെൺകുട്ടിയെ കാണാതായത്. സവർണ ജാതിയിൽപ്പെട്ട നാല് പേർ പെൺകുട്ടിയെ കൂട്ട ബലാത്സംഗത്തിരയാക്കുകയായിരുന്നു. നിർഭയ കേസിന് സമാനമായി അതിക്രൂരമായ പീഡനത്തിനാണ് പെൺകുട്ടി ഇരയായത്. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി സെപ്റ്റംബർ 29 ന് ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങി.

Tags:    

Similar News