ഹാഥ്‌റസ് യുഎപിഎ കേസ്: തടവിലുള്ള അതീഖുര്‍റഹ്മാന്റെ ഹൃദയശസ്ത്രക്രിയക്ക് രണ്ടുലക്ഷം ആവശ്യപ്പെട്ട് ഡല്‍ഹി എയിംസ് അധികൃതര്‍
പണം കിട്ടിയാല്‍ അതീഖുര്‍റഹ്മാനെ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. ഡല്‍ഹി എയിംസ് അധികൃതരുടെ ഉപദേശപ്രകാരം അതീഖുര്‍റഹ്മാന് ജില്ലാ ജയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ലഖ്‌നോ: ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടിയെ കൂട്ടബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രദേശം സന്ദര്‍ശിക്കാന്‍ പോവുന്നതിനിടെ യുപി പോലിസ് കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച കാംപസ് ഫ്രണ്ട് ദേശീയ നേതാവ് അതീഖുര്‍റഹ്മാന്റെ ചികില്‍സയ്ക്ക് രണ്ടുലക്ഷം രൂപ ആവശ്യപ്പെട്ട് ഡല്‍ഹി എയിംസ് അധികൃതര്‍. മഥുര ജില്ലാ ജയില്‍ സൂപ്രണ്ട് ലഖ്‌നോ പിഎംഎല്‍എ കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ട്ടിലാണ് എയിംസ് അധികൃതര്‍ അതീഖുര്‍റഹ്മാന്റെ ഹൃദയശസ്ത്രക്രിയ നടത്തുന്നതിന് രണ്ടുലക്ഷം രൂപ വേണമെന്ന് ആവശ്യപ്പെട്ടതായി വ്യക്തമാക്കിയത്.
പണം കിട്ടിയാല്‍ അതീഖുര്‍റഹ്മാനെ ചികില്‍സയ്ക്കായി എയിംസിലേക്ക് മാറ്റുമെന്നും ജയില്‍ സൂപ്രണ്ട് അറിയിച്ചു. ഡല്‍ഹി എയിംസ് അധികൃതരുടെ ഉപദേശപ്രകാരം അതീഖുര്‍റഹ്മാന് ജില്ലാ ജയില്‍ ആശുപത്രിയില്‍ ചികില്‍സ നല്‍കുന്നുണ്ടെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. അതീഖുര്‍റഹ്മാന്‍ ഹൃദയ സംബന്ധമായ അസുഖങ്ങളാല്‍ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് അഭിഭാഷകരായ ഷീരന്‍ എം ആല്‍വി, ഫുര്‍ഖാന്‍ പത്താന്‍, സൈഫാന്‍ ഷെയ്ഖ് എന്നിവര്‍ വാര്‍ത്താക്കുറിപ്പില്‍ വിശദീകരിച്ചു.
അതീഖുര്‍റഹ്മാന്റെ ഹൃദയശസ്ത്രക്രിയയ്ക്കായി എയിംസ് അധികൃതര്‍ രണ്ടുലക്ഷം രൂപയും 10 യൂനിറ്റ് രക്തവും മഥുര ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജയില്‍ അധികൃതര്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലിസ്/ ഇന്‍സ്‌പെക്ടര്‍ ജനറല്‍, യുപി പ്രിസണ്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്റ് റിഫോം സര്‍വീസസ് എന്നിവര്‍ക്ക് കത്തയച്ചിരിക്കുകയാണെന്നും അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അതീഖുര്‍റഹ്മാന് ആവശ്യമായ വൈദ്യചികില്‍സ നല്‍കുന്നതിന് ജയില്‍ അധികാരികള്‍ക്ക് ഉചിതമായ നിര്‍ദേശങ്ങള്‍ നല്‍കണമെന്നും മഥുരയിലെ ജില്ലാ ജയിലില്‍നിന്ന് ചികില്‍സാ റിപോര്‍ട്ട് ആവശ്യപ്പെടണമെന്നും ചൂണ്ടിക്കാട്ടി അഭിഭാഷകരായ ഫുര്‍ഖാന്‍ പഠാനും ആബിദും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
അതീഖുര്‍റഹ്മാന്റെ ചികില്‍സ സംബന്ധിച്ച പുതിയ റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു. നവംബര്‍ എട്ടിന് മഥുര ജില്ലാ ജയില്‍ അധികൃതര്‍ റി്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി ഉത്തരവിട്ടു. സപ്തംബര്‍ 22ന് മഥുര ജില്ലാ ജയിലില്‍നിന്ന് ലഖ്‌നോവിലെ പിഎംഎല്‍എ പ്രത്യേക കോടതിയിലേക്ക് ഹിയറിങ്ങിനായി കൊണ്ടുപോവുന്ന വഴിയാണ് ഹൃദ്രോഗിയായ അദ്ദേഹത്തിന് കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടത്. എസ്‌കോര്‍ട്ട് പോലിസും ഉദ്യോഗസ്ഥരും ആദ്യം ചന്ദോളി പ്രാഥമികാരോഗ്യകേന്ദ്രത്തിലും ആഗ്ര ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
അടുത്ത ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ പ്രാന്‍ഷു അഗര്‍വാള്‍ നല്‍കിയ മെഡിക്കല്‍ അപേക്ഷയില്‍ അതീഖുര്‍റഹ്മാന് മതിയായ ചികില്‍സാ സഹായം ഉറപ്പുവരുത്താനും ആവശ്യമെങ്കില്‍ അദ്ദേഹത്തിന് മെച്ചപ്പെട്ട സ്ഥലത്തേക്ക് ചികില്‍സയ്ക്കായി മാറ്റാനും ലഖ്‌നോ പിഎംഎല്‍എ കോടതിയിലെ സെഷന്‍സ് ജഡ്ജ് മഥുരയിലെ ജില്ലാ ജയില്‍ അധികാരികള്‍ക്ക് നിര്‍ദേശം നല്‍കി.
അതീഖുര്‍റഹ്മാന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച ബന്ധപ്പെട്ട ആശുപത്രിയില്‍നിന്നുള്ള റിപോര്‍ട്ട് ഒക്ടോബര്‍ 12ന് സമര്‍പ്പിക്കാനും മഥുരയിലെ ജില്ലാ ജയില്‍ അധകൃതരോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് ജയില്‍ അധികൃതര്‍ കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. സരോജിനി നായിഡു മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികില്‍സയ്ക്കുശേഷം നില ഗുരുതരമായതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചത്.
പരിശോധനയ്ക്കുശേഷം എയിംസിലെ വിദഗ്ധ ഡോക്ടര്‍മാര്‍ അതീഖുര്‍റഹ്മാന് ഹൃദയശസ്ത്രക്രിയ നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ അദ്ദേഹത്തെ തിരികെ മഥുര ജയിലിലേക്ക് തിരികെ കൊണ്ടുപോവുകയായിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യുഎപിഎ) ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി അതീഖുര്‍റഹ്മാനെയും മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ ഉള്‍പ്പെടെയുള്ളവരെ 2020 ഒക്ടോബറിലാണ് യുപി പോലിസ് അറസ്റ്റുചെയ്തത്.